പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍... ലോകകപ്പിന് ഇന്ന് തുടക്കം; ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും

പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍... ലോകകപ്പിന് ഇന്ന് തുടക്കം; ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും

ഖത്തർ: ലോക ഫുട്ബോൾ ആരവങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ദോഹയിലെ അൽബെയ്ത്തിന്റെ പുൽനാമ്പുകൾ കാൽപന്ത്‌ കളിയുടെ വിശ്വമേളയ്ക്കായി പച്ചപ്പരവതാനി വിരിച്ചു കഴിഞ്ഞു. ലോക ഫുട്ബോൾ സിംഹസനത്തിന്റെ പുതിയ അവകാശികളെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് തുടക്കമിടാൻ. അൽറാസ് ഡ്രമ്മിന്റെ തുകൽപ്രതലത്തിൽനിന്ന് പടഹകാഹളം ലോകം മുഴുക്കെ കാതോർക്കുകയാണ്. ഇനി വിസിൽ മുഴുങ്ങുകയെ വേണ്ടൂ. പന്തുകളിയുടെ മഹാപുണ്യമായ ലോകകപ്പിനായി.

നാലാണ്ടിന്റെ കാത്തിരിപ്പിന് ഒടുക്കമായി ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ കളിത്തട്ടിൽ പന്തുരുളും. മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ കളിക്കൂട്ടമായ ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുന്നത്. 

വൈകിട്ട് 7.30 ന് അൽഖോറയിലെ അൽ ബെെത്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പങ്കെടുക്കും. ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി എത്തുന്നത്. ചടങ്ങിലെ കലാവിരുന്നിൽ ദക്ഷിണകൊറിയൻ ബാൻഡായ ബി.ടി.എസ് അംഗം ജുംഗ്കൂക്ക്, കൊളംബിയൻ പോപ് ഗായിക ഷാക്കിറ, ബോളിവുഡ് സിനിമാതാരവും കനേഡിയൻ നർത്തകിയുമായ നോറാ ഫത്തേഹി തുടങ്ങിയവർ അണിനിരക്കും.

എട്ടു സ്റ്റേഡിയങ്ങളിലായി 29 ദിവസമാണ് മഹാ മേള. കാൽപ്പന്ത് കളിയുടെ ലോക പൊരാട്ടത്തിൽ 32 ടീമുകൾ മറ്റുരയ്ക്കും. ഡിസംബർ 18നാണ് അന്തിമ പോരാട്ടം. ആ തണുത്ത രാത്രിയിൽ ലോക ഫുട്‌ബോൾ രാജാവിന്റെ പിറവിക്കായി ലോകം കൺപാർക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.