എസ്ബിഐയില്‍ പതിനായിരത്തിലധികം ഒഴിവുകള്‍

എസ്ബിഐയില്‍ പതിനായിരത്തിലധികം ഒഴിവുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍, അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 2000 ഒഴിവുകളാണുള്ളത്. മൂന്ന് വര്‍ഷം കാലാവധിയുള്ള അപ്രന്റീസ് തസ്തികയില്‍ 8500 ഒഴിവുകളാണുളളത്.

ഇരു തസ്തികയിലേക്കും ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ 2021 ജനുവരി 29-ന് നടക്കും. ഫലം 2021 മാര്‍ച്ച്‌ അവസാനവാരം പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 4.

തുടക്കത്തില്‍ 27,620 രൂപയായിരിക്കും പ്രൊബേഷണറി ഓഫീസറിന്റെ അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുക. പ്രിലിമിനറിക്ക് ആകെ 100 മാര്‍ക്കാണ്. മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുമാണുണ്ടാകുക. മെയിന്‍ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നുകില്‍ 50 മാര്‍ക്കിനുള്ള അഭിമുഖമോ അല്ലെങ്കില്‍ 30 മാര്‍ക്കിന്റെ അഭിമുഖവും 20 മാര്‍ക്കിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ചേര്‍ന്നോ ഉണ്ടാകും.

അപേക്ഷ ഓണ്‍ലൈനായാണ് അയക്കേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളാണുള്ളത്. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 ആണ്. ജനുവരിയിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ പ്രാദേശിക ഭാഷയിലെ പ്രാവീണ്യം അറിയുന്നതിനും ടെസ്റ്റ് നടത്തും. 20-28 വയസ്സാണ് പ്രായപരിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.