ഭ്രമങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പോയി ജീവിതം പാഴാക്കരുതെന്ന് യുവാക്കളോട് ഫ്രാന്‍സിസ് പാപ്പ

ഭ്രമങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പോയി ജീവിതം പാഴാക്കരുതെന്ന്  യുവാക്കളോട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വന്തം സുഖസൗകര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച്, ഭ്രമങ്ങള്‍ക്കു പിന്നാലെ പോയി ജീവിതം പാഴാക്കരുതെന്ന് യുവജനങ്ങളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ലോകത്തെ മാറ്റാനും സമാധാനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിയുന്ന യുവതലമുറയെയാണ് ഇന്ന് നമുക്ക് ആവശ്യമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

മാര്‍പ്പാപ്പയുടെ കുടുംബ വേരുകള്‍ സ്ഥിതി ചെയ്യുന്ന, ഇറ്റാലിയന്‍ പട്ടണമായ അസ്തിയിലെ ക്രിസ്തുരാജന്റെ ദേവാലയത്തില്‍ ദിവ്യബലി മദ്ധ്യേയുള്ള സന്ദേശത്തിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ യുവജനങ്ങളോടുള്ള ആഹ്വാനം.

ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ച് പങ്കുവച്ച സന്ദേശത്തില്‍ സമാധാനത്തിനായുള്ള ആഹ്വാനമായിരുന്നു പാപ്പ ഉടനീളം നല്‍കിയത്.

സമാധാനത്തിന് ക്ഷാമം നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുദ്ധം നാശം വിതച്ച ഉക്രെയ്ന്‍ ഉള്‍പ്പെടെ ലോകത്തിലെ പല സ്ഥലങ്ങളെക്കുറിച്ച് വിശ്വാസികളെ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പരിശുദ്ധ പിതാവിന്റെ വാക്കുകള്‍.

പലസ്തീനിലെ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം പാപ്പ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന തീപിടിത്തത്തില്‍ വെന്തു മരിച്ചവരില്‍ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജീവന്‍ നഷ്ടമായവരെ കര്‍ത്താവ് സ്വര്‍ഗത്തില്‍ സ്വീകരിക്കട്ടെ എന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.

'വര്‍ഷങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങളാല്‍ പരീക്ഷിക്കപ്പെട്ട ജനതയെ കര്‍ത്താവ് ആശ്വസിപ്പിക്കട്ടെ. നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം'.

ക്രിസ്തുരാജന്റെ രാജത്വത്തിരുനാള്‍ ദിനത്തില്‍ പ്രാദേശിക സഭകള്‍ ലോക യുവജന ദിനം ആചരിക്കുന്നത് അനുസ്മരിച്ച് മാര്‍പ്പാപ്പ യുവജനങ്ങളോടും സംസാരിച്ചു. 'മറിയം എഴുന്നേറ്റു, തിടുക്കത്തില്‍ പോയി' എന്നതാണ് ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജനദിനത്തിന്റെ പ്രമേയം. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പയുടെ വാക്കുകള്‍. 'എഴുന്നേല്‍ക്കുക' പോകുക' എന്നീ രണ്ടു വാക്കുകള്‍ പാപ്പാ എടുത്തുപറഞ്ഞു. യൗവ്വനം നിലനിര്‍ത്തുന്നതിന്റെ രഹസ്യം ആ രണ്ട് പ്രവര്‍ത്തികളില്‍ കൃത്യമായി തെളിഞ്ഞു നില്‍ക്കുന്നതായി മാതാവ് ചൂണ്ടിക്കാട്ടുന്നു.

സുഖലോലുപതകള്‍ക്കോ, പുതിയ ഭ്രമങ്ങള്‍ക്കോ പിന്നാലെ പോകാതെ, നമ്മെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങള്‍ ലക്ഷ്യമാക്കി മുന്നേറാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു.

യുദ്ധങ്ങള്‍ അവസാനിക്കാന്‍ പ്രാര്‍ത്ഥിച്ച പരിശുദ്ധ പിതാവ് അസ്തിയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ത്രികാല പ്രാര്‍ത്ഥന ചൊല്ലിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.