ശശി തരൂരിന് വിലക്ക്: വ്യക്തത തേടി സോണിയ ഗാന്ധി; ഇടപെടാന്‍ ഖാര്‍ഗെയ്ക്ക് നിര്‍ദേശം

ശശി തരൂരിന് വിലക്ക്: വ്യക്തത തേടി സോണിയ ഗാന്ധി; ഇടപെടാന്‍ ഖാര്‍ഗെയ്ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തില്‍ ശശി തരൂരിന്റെ പാര്‍ട്ടി പരിപാടികള്‍ക്ക് വിലക്ക് നേരിടേണ്ടി വന്നെന്ന പരാതിയില്‍ സോണിയ ഗാന്ധി വ്യക്തത തേടി. എം.കെ രാഘവന്‍ എംപി നല്‍കിയ പരാതിയിലാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാലാണോ തരൂരിന് വിലക്ക് നേരിടേണ്ടി വന്നത് എന്നത് സംബന്ധിച്ചും വ്യക്തത ആവശ്യപ്പെട്ടിച്ചുണ്ട്.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ ഖാര്‍ഗെയോട് സോണിയ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം.കെ രാഘവന്‍ നല്‍കിയ പരാതി വിശദമായി പരിഗണിച്ച് തീര്‍പ്പാക്കാനും സോണിയ നിര്‍ദേശം നല്‍കി.

കോഴിക്കോട് തരൂര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എം.കെ രാഘവന്‍ പരാതി നല്‍കിയിരുന്നു.

സംഭവം അതീവ ഗൗരവകരമാണെന്നും ഇക്കാര്യം അന്വേഷിക്കാന്‍ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ തെളിവ് നല്‍കാന്‍ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു.

വിവാദങ്ങള്‍ക്കിടയിലും തരൂരിന്റെ മലബാര്‍ പര്യടനം തുടരുകയാണ്. രാവിലെ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം പിന്നീട് മലപ്പുറം ഡിസിസി ഓഫീസും സന്ദര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.