'മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ സൂചി കൊണ്ടാല്‍ പൊട്ടും'; തരൂരിനെതിരെ ഒളിയമ്പെയ്ത് സതീശന്‍

'മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ സൂചി കൊണ്ടാല്‍ പൊട്ടും'; തരൂരിനെതിരെ ഒളിയമ്പെയ്ത് സതീശന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരെ ഒളിയമ്പെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുകയാണങ്കില്‍ അത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. സമൂഹ മാധ്യമങ്ങളില്‍ വേറെ പ്രചാരണങ്ങളും. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നില്‍. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല.

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സമാന്തര പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനവും ഒരു കാരണവശാലും പറ്റില്ല. തങ്ങള്‍ നേതൃസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുമെന്നും വീ.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളാണോ ഈ നീക്കത്തിന് പിന്നില്‍, അതല്ലെങ്കില്‍ എം.കെ രാഘവന്‍ എംപിയെ പോലെയുള്ള മലബാറിലെ നേതാക്കള്‍ ശശി തരൂരിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണോ ഇത് ചെയ്യുന്നത് എന്ന ചോദ്യത്തിന് 'മാധ്യമങ്ങള്‍ക്ക് ഇതിന് പിന്നില്‍ നല്ല പങ്കുണ്ട്. കോണ്‍ഗ്രസിനകത്ത് ആര്‍ക്കെങ്കില്‍ ഇതില്‍ പങ്കുണ്ടെങ്കില്‍ ഗൗരവമായി അതിനെ കൈകാര്യം ചെയ്യുമെന്ന് സതീശന്‍ പറഞ്ഞു.

'സംഘടനാ കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റാണ് തീരുമാനമെടുക്കുന്നത്. അത് എല്ലാവരോടും ആലോചിച്ചിട്ടാണ് എടുക്കുന്നത്. പറയാന്‍ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളൊന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളല്ല. സൂചിവെച്ചു കുത്തിയാല്‍ പൊട്ടിപ്പോകുന്നവരുമല്ല'- പ്രതിപക്ഷ നേതാവ് പറഞ്ഞു.

തങ്ങളെയൊക്കെ ആരെങ്കിലും പരിപാടിക്ക് വിളിച്ചാല്‍ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ പറയുമെന്നും ബാക്കി തീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റിയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.