മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാളിൽ ചരിത്രം കുറിച്ച് നാലായിരം പേരുടെ മെഗാ റമ്പാൻപാട്ടുമായി തൃശൂര്‍ അതിരൂപത

മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാളിൽ    ചരിത്രം കുറിച്ച് നാലായിരം  പേരുടെ  മെഗാ റമ്പാൻപാട്ടുമായി  തൃശൂര്‍ അതിരൂപത

തൃശൂർ: “സാക്ഷാല്‍ ദൈവം മൂവ്വൊരുവന്‍താന്‍
മാര്‍ത്തോമ്മായുടെ സുകൃതത്താല്‍
സൂക്ഷ്മമതായി ചരിതം പാടുവ
തിന്നടിയന് തുണയരുളേണമേ” എന്ന് തുടങ്ങുന്ന റമ്പാൻ പാട്ട് തൃശൂരെ തളിയക്കുളത്തിന്റെ കരയിൽ നാലായിരത്തോളം മാതൃവേദി പ്രവർത്തകർ ഭക്തിപൂർവ്വം പാടിയപ്പോൾ ലോകറിക്കോർഡ് അവിടെ പിറന്നു വീണു.

മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷാചരണത്തിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ നവംബർ 21 ന് , മാർതോമാശ്ലീഹായാൽ സ്ഥാപിതമായ ആദ്യ സഭാ സമൂഹങ്ങളിലൊന്നായ പാലയൂരിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്സ് ആണ് ഈ ലോകറിക്കോർഡ് രേഖപ്പെടുത്തിയത്. മാതൃവേദി നേരത്തേ സംഘടിപ്പിച്ച റമ്പാൻപാട്ട് മത്സരത്തിൽ വിജയികളായവരാണു നേതൃത്വം നൽകിയത്.

തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വവും വിവരിക്കുന്ന നസ്രാണികളുടെ പാരമ്പര്യ കല കൂടിയായ റമ്പാൻപാട്ട് മലബാറിലെ മാർത്തോമ്മാ ശ്ലീഹായുടെ പ്രഥമ ശിഷ്യനായ മാളിയേക്കല്‍ വലിയതോമാ റമ്പാനാണ് രചിച്ചത്. അദ്ദേഹത്തിന്റെ വംശത്തില്‍ നാല്‍പത്തെട്ടാം തലമുറയില്‍ ഉണ്ടായിരുന്ന തോമാ റമ്പാന്‍ എ.ഡി. 1601 ല്‍ ഈ പാട്ട് സംക്ഷേപിച്ച് പരിഷ്‌കരിച്ചെഴുതിയതാണ് ഇപ്പോൾ പ്രചാരത്തിലുള്ള റമ്പാൻ പാട്ട്. 

റമ്പാൻ പാട്ടുകളിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ മൂന്നാം നൂറ്റാണ്ടിനുമുമ്പ് ക്ലാസിക്കൽ സുറിയാനിയിൽ എഴുതിയ ‘തോമായുടെ നടപടികളുമായി’ പൊരുത്തപ്പെടുന്നതാണ്. തോമ്മായുടെ നടപടികൾ ഒരു അപ്പോക്രിഫൽ കൃതിയായി കണക്കാക്കാൻ കഴിയില്ലെങ്കിലും, റമ്പാൻ പാട്ടിലെയും തോമ്മായുടെ നടപടികളിലെയും ശ്രദ്ധേയമായ സാമ്യം മലബാർ പാരമ്പര്യത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു.
കാലഹരണപ്പെട്ട ക്രിസ്തീയകലയുടെ വീണ്ടെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണു മെഗാ റമ്പാൻപാട്ട്. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തിന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു.
സാരിക്കു പുറമേ ചട്ടയും മുണ്ടും മേയ്ക്കാമോതിരവും ധരിച്ചെത്തിയ അമ്മമാരെ അഭിനന്ദിച്ച ആർച്ച് ബിഷപ്പ്, ലോകം മുഴുവൻ എത്തുന്ന ചരിത്ര നിമിഷമാണ് പാലയൂരിൽ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സിബിസിഐ പ്രസിഡന്റായശേഷമുള്ള ബിഷപ്പിന്റെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്. തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായിരുന്നു. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, അസി. ഡയറക്ടർ ഫാ. ഷാന്റോ തലക്കോട്ടൂർ, സഹവികാരി ഫാ. മിഥുൻ വടക്കേത്തല, മാതൃവേദി രൂപത പ്രസിഡന്റ് എൽസി വിൻസന്റ്, കോ-ഓർഡിനേറ്റർ ബീന ജോഷി എന്നിവർ പ്രസംഗിച്ചു. ജീന ജോസഫ്, ശോഭാ ജോൺസൻ, റെജി ജെയിംസ്, സിമി ഫ്രാൻസിസ്, ട്രസ്റ്റിമാരായ ലിജിയൻ മാത്യു, സിന്റോ തോമസ്, ജിന്റോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ലോകറിക്കാർഡിന്റെ സർട്ടിഫിക്കറ്റ് ബിഷപ്പും മെഡൽ രൂപത പ്രസിഡന്റും ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26