കോട്ടയം: റബര്‍ വിലയിടിവിനെതിരെ അടിയന്തര ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും (എന്‍എഫ്ആര്‍പിഎസ്) സംയുക്ത നേതൃത്വത്തില്‍ നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷക പ്രതിഷേധമാര്‍ച്ച് നടത്തും.
കോട്ടയം കളക്ട്രേറ്റിന് എതിര്‍വശം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് കളക്ട്രേറ്റ്, പോലീസ് ഗ്രൗണ്ട് ചുറ്റി റബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിനുമുമ്പില്‍ എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും.
പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, താഷ്‌കന്റ് പൈകട തുടങ്ങി വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. കര്‍ഷകമാര്‍ച്ചില്‍ പങ്കുചേരുവാന്‍ വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ വാഹനങ്ങള്‍ കോട്ടയം കളക്ട്രേറ്റിനു എതിര്‍വശത്തുള്ള ലൂര്‍ദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. തുടര്‍ന്ന് കര്‍ഷകര്‍ ലൂര്‍ദ് പള്ളിയുടെ പ്രധാന കവാടത്തിനുസമീപം 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.
റബര്‍ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്‌സിഡി നല്‍കുക, റബര്‍ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, റബര്‍ബോര്‍ഡിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുക, കര്‍ഷകപെന്‍ഷന്‍ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.
വിവിധ കര്‍ഷക സംഘടനാ നേതാക്കളായ മുതലാംതോട് മണി, കുര്യാക്കോസ് പുതിയേടത്തുപറമ്പില്‍, ഡിജോ കാപ്പന്‍, ജോര്‍ജ് സിറിയക്ക്, മനു ജോസഫ്, അഡ്വ.പി.പി.ജോസഫ്, ജോസഫ് തെള്ളിയില്‍, സദാനന്ദന്‍ കൊല്ലം, അഡ്വ.ജോണ്‍ ജോസഫ്, മാത്യു വി.കെ., പ്രദീപ്കുമാര്‍ മാര്‍ത്താണ്ഡം, സി.എം.സെബാസ്റ്റ്യന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ജോയി കൈതാരം, സിറാജ് കൊടുവായൂര്‍, പി.ജെ. ജോണ്‍ മാസ്റ്റര്‍, സുരേഷ്‌കുമാര്‍ ഓടാപന്തിയില്‍, ആയാംപറമ്പ് രാമചന്ദ്രന്‍, ടി.എം.വര്‍ഗീസ്, മാര്‍ട്ടിന്‍ തോമസ് എന്നിവര്‍ കര്‍ഷകപ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.