അമേരിക്കയിൽ ആപ്പിൾ സ്റ്റോറിലേക്ക് എസ്‌യുവി ഇടിച്ച് കയറി ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

അമേരിക്കയിൽ ആപ്പിൾ സ്റ്റോറിലേക്ക് എസ്‌യുവി ഇടിച്ച് കയറി ഒരാൾ മരിക്കുകയും  20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ബോസ്റ്റൺ: അമേരിക്കയിൽ മസാച്യുസെറ്റ്സിലെ ഹിങ്‌ഹാമിൽ ആപ്പിൾ റീട്ടെയില്‍ സ്റ്റോറിലേക്ക് എസ്‌യുവി ഇടിച്ച് കയറി ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എസ്‌യുവി ഓടിച്ച 53 കാരനായ ബ്രാഡ്‌ലി റെയ്നെ തിരിച്ചറിഞ്ഞതായി പ്ലൈമൗത്ത് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടിം ക്രൂസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

അശ്രദ്ധമായി മോട്ടോർ വാഹനം ഉപയോഗിച്ചുള്ള നരഹത്യഎന്ന കുറ്റമാണ് റെയ്‌നെതിരെ ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ അറ്റോർണി ഓഫീസ് ട്വീറ്റ് ചെയ്തു. ഇയാളെ ഹിംഗ്‌ഹാം ജില്ലാ കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ 11 മണിയോടെ ഡെർബി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറിലാണ് അപകടം സംഭവിച്ചത്.


ന്യൂജേഴ്‌സിയിൽ നിന്നുള്ള കെവിൻ ബ്രാഡ്‌ലി (65) യാണ് സംഭവസ്ഥലത്ത് മരിച്ചതെന്നും പോലീസ് അറിയിച്ചു. ഏഴ് ഫയർ എഞ്ചിനുകളും 14 ആംബുലൻസുകളും എത്തിയാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റവരെ വെയ്‌മൗത്തിലെ സൗത്ത് ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ, ബോസ്റ്റൺ മെഡിക്കൽ സെന്റർ, ബ്രിഗാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കും മാറ്റി. പരിക്കേറ്റവരിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റവരും കൈകാലുകൾ തളർന്നവരുമുണ്ടെന്ന് സൗത്ത് ഷോർ ഹോസ്പിറ്റലിലെ ഡോ. വില്യം ടോലെഫ്‌സെൻ പറഞ്ഞു.


അപകടത്തെക്കുറിച്ചുള്ള അന്വേഷണം സജീവമാണെന്നും തുടരുകയാണെന്നും പോലീസ് പറഞ്ഞു. ബ്രാഡ്‌ലി റെയ്നെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾക്ക് അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റിയിരുന്നില്ല. കറുത്ത എസ്‌യുവിയാണ് അമിതവേഗത്തിലെത്തി ഹിംഗ്ഹാമിലെ സ്റ്റോറിലേക്ക് ഇടിച്ചുകയറിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

അപകടത്തിൽ സ്ഥാപനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് ജനാല വാഹനം തകര്‍ത്തു. തിങ്കളാഴ്ച സ്‌റ്റോര്‍ തുറന്ന് ഒരു മണിക്കൂറിനുള്ളിലായിരുന്നു അപകടം. ബോസ്റ്റണ്‍ നഗരത്തിന് തെക്ക് 24 കിലോമീറ്റര്‍ അകലെയുള്ള ഒരു ഔട്ട്ഡോര്‍ മാളിലാണ് സ്റ്റോര്‍. സംഭവത്തില്‍ ആപ്പിള്‍ കമ്പനി ഞെട്ടല്‍ രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.