മാലിയില്‍ ജര്‍മ്മന്‍ മിഷനറിയെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

മാലിയില്‍ ജര്‍മ്മന്‍ മിഷനറിയെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

ബമാകോ: മാലി തലസ്ഥാനമായ ബമാകോയില്‍നിന്ന് ജര്‍മ്മന്‍ മിഷനറിയെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. വൈറ്റ് ഫാദേഴ്സ് എന്നറിയപ്പെടുന്ന മിഷനറീസ് ഓഫ് ആഫ്രിക്ക സന്യാസ സമൂഹത്തിലെ അംഗമായ ഫാ. ഹാന്‍സ്-ജോക്കിം ലോഹ്രെയെയാണ് തട്ടിക്കൊണ്ടു പോയത്. റോമിലെ വൈറ്റ് ഫാദേഴ്സിന്റെ ജനറല്‍ കൂരിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മിഷനറിയുടെ തിരോധാനത്തില്‍ മാലി പോലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കാന്‍ പോകുമ്പോഴാണ് 65 വയസുകാരനായ ഫാ. ഹാന്‍സ്-ജോക്കിമിനെ കാണാതാകുന്നത്.

ഫാ. ഹാന്‍സ് ജോക്കിം 30 വര്‍ഷത്തിലേറെയായി മാലിയില്‍ ശുശ്രൂഷ ചെയ്യുകയാണ്. ബമാകോയിലെ ഇസ്ലാമിക്-ക്രിസ്ത്യന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐഫിക്) അധ്യാപകനാണ്. ഹംദല്ലേ ഫെയ്ത്ത് ആന്‍ഡ് മീറ്റിംഗ് സെന്ററിന്റെ തലാനുമാണ്. '

'ഞായറാഴ്ച കുര്‍ബാനക്കായി അദ്ദേഹത്തിന് കലാബന്‍ കൂറയിലെ കമ്മ്യൂണിറ്റിയിലേക്ക് പോകേണ്ടിവന്നു. അതിനു ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല'' - വൈദികന്റെ സന്യാസ സമൂഹം വെളിപ്പെടുത്തി.

ഫാ. ഹാന്‍സ്-ജോക്കിമിന്റെ കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തുനിന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ കാറിന് സമീപം വൈദികന്റെ തകര്‍ന്ന കുരിശ് ചെയിനും കണ്ടെത്തി. കാറിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ബലപ്രയോഗം നടന്നതു പോലെ നിലത്ത് കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു.

മാലിയില്‍ അല്‍ ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്‌ഐഎസ്) ബന്ധമുള്ള നിരവധി തീവ്രവാദ സംഘങ്ങളുണ്ട്. മോചനദ്രവ്യത്തിനായി മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ തട്ടിക്കൊണ്ടുപോകാറുണ്ട്. അതേസമയം വൈദികന്റെ തിരോധാനത്തിനു പിന്നില്‍ ഏതു സംഘടനയാണെന്നു വ്യക്തമായിട്ടില്ല.

ഫ്രഞ്ച് മിഷനറിമാര്‍ സ്ഥാപിച്ച വൈറ്റ് ഫാദേഴ്സ് മിഷനറി സമൂഹം പിന്നീട് മിഷനറീസ് ഓഫ് ആഫ്രിക്ക എന്ന പേരില്‍ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു. ഇവരെ 'വൈറ്റ് ഫാദേഴ്സ്' എന്ന് വിളിച്ചിരുന്നത് അവരുടെ തൊലി നിറം കൊണ്ടല്ല, മറിച്ചു അവര്‍ ധരിച്ചിരുന്ന നീണ്ടു വെളുത്ത ഉടുപ്പു കാരണമായിരുന്നു.

യുഎന്‍ ദൗത്യത്തിന്റെ ഭാഗമായി ജര്‍മ്മന്‍ സൈന്യത്തിന് മാലിയില്‍ 1,200 സൈനികരുണ്ട്. ഫ്രാന്‍സില്‍ നിന്നും ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുമുള്ള സൈനികര്‍ പോയതിനു ശേഷവും മാലിയില്‍ ഇപ്പോഴും സൈനികരുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.