കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കരുതെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാ കുറ്റം ഒഴിവാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ ചുമത്തിയ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

മനപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരെ നിലനില്‍ക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ടാം പ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു.

കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജൂലായ് 20 ന് പ്രതികള്‍ വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.