നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍: സമാപനം നാളെ

നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍: സമാപനം നാളെ

എറണാകുളം: നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടന്നുവരുന്ന നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നാളെ (നവംബർ 25)സമാപിക്കും. സൈക്യാട്രി സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിങ്ങനെ 13 മേഖലകളില്‍ നിന്നുളളവർക്കാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ്നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെയും  മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുടെ ഭാഗമായ പതിനൊന്ന് തൊഴില്‍ ദാതാക്കളാണ് കരിയര്‍ ഫെയറിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ഇന്നലെ നടന്ന അഭിമുഖത്തിൽ സോഷ്യൽ വർക്കേഴ്സ്, നഴ്സ്, ഡയറ്റീഷ്യൻ, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സീനിയർ കെയറേഴ്സ് എന്നീ മേഖലയിൽ നിന്നായി 285-ഓളം പേർ അഭിമുഖത്തിനെത്തി. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ജനറൽ /പീഡിയാട്രിക് /മെന്റൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കായി ഇന്ന് (നവംബർ24) നടക്കുന്ന അഭിമുഖത്തിൽ 148 പേർ പങ്കെടുക്കും.

അവസാന ദിവസമായ നാളെ വെളളിയാഴ്ച ജനറൽ/മെന്റൽ ഹെൽത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കായാണ് റിക്രൂട്ട്‌മെന്റ്.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന യുകെ കരിയർ ഫെയര്‍ നവംബര്‍ 21 ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള കേരള സംഘത്തിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ലണ്ടനിലാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പുവച്ചത്.

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നും, ഇതരമേഖലകളില്‍ നിന്നുമുളള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനാണ് കരാര്‍.
നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം.ടി.കെ, നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ലീഡ് കാത്തി മാര്‍ഷല്‍, യു.കെ എന്‍.എച്ച്.എസ്സ് പ്രതിനിധികള്‍ എന്നിവരുൾപ്പെടുന്ന സംഘമാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.