അട്ടിമറികളില്‍ അടിതെറ്റി വമ്പന്മാര്‍; അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിക്കും അപ്രതീക്ഷിത തോല്‍വി

അട്ടിമറികളില്‍ അടിതെറ്റി വമ്പന്മാര്‍; അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിക്കും അപ്രതീക്ഷിത തോല്‍വി

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. അര്‍ജന്റീനയുടെ തോല്‍വിയുടെ ഞെട്ടല്‍ മാറും മുന്‍പ് മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്കും അടിതെറ്റി. ജര്‍മനിക്ക് വില്ലനായത് മറ്റൊരു ഏഷ്യന്‍ രാജ്യമായ ജപ്പാനും. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെ ജപ്പാന്റെ അപ്രതീക്ഷിത തിരിച്ചടിയില്‍ തരിച്ചിരിക്കുകയാണ് ജര്‍മനി.

അര്‍ജന്റീനയുടെയും ജര്‍മനിയുടെയും കളിയും തോല്‍വിയും തമ്മില്‍ ചില സമാനതകളുണ്ട്.  അര്‍ജന്റീനയുടെ പോലെ കളിയുടെ ആദ്യപകുതിയില്‍ ആധിപത്യം ജര്‍മനിക്കായിരുന്നു. ലീഡ് ഗോളും ആദ്യ പകുതിയില്‍ തന്നെ നേടി. അര്‍ജന്റീനയും ആദ്യ മിനിറ്റുകളിലാണ് ലീഡ് നേടിയത്. ഇരു ഗോളുകളും പെനാല്‍റ്റിയിലായിരുന്നു എന്നതും യാദൃശ്ചികം. 30-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗനിലൂടെ ജര്‍മനി ലീഡ് ഉയര്‍ത്തിയത്.

രണ്ടാം പകുതിയില്‍ അര്‍ജന്റീന നേരിട്ട ഭാഗ്യക്കേട് ഏറെക്കുറെ സമാനമായ നിലയില്‍ ജര്‍മനിയും നേരിട്ടു. ജര്‍മന്‍ താരങ്ങളുടെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടയിടാനും അപകടകരമായ ചില മുന്നേറ്റങ്ങള്‍ നടത്താനും ജപ്പാന് സാധിച്ചു. അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ തന്നെ സൗദി അറേബ്യ ഗോള്‍ നേടിയെങ്കില്‍ ഇവിടെ ജപ്പാന്‍ അവസാന മിനിറ്റുകളിലാണ് സമനില ഗോളും വിജയഗോളും നേടിയത്. അതിലുമുണ്ടായിരുന്നു സാമ്യം. ആറ് മിനിറ്റിന്റെ ഇടവേളയിലാണ് സൗദി അറേബ്യ അര്‍ജന്റീനയുടെ ഹൃദയത്തിലേക്ക് നിറയൊഴിച്ചതെങ്കില്‍ ജപ്പാന്‍ എട്ട് മിനിറ്റിന്റെ ഇടവേളയിലാണ് വിജയഗോള്‍ നേടിയത്. രണ്ടും മനോഹരമായ നീക്കത്തിലൂടെ.

75-ാം മിനിറ്റില്‍ ഡൊവാനാണ് ജപ്പാനുവേണ്ടി സമനില ഗോള്‍ നേടി ജര്‍മനിയെ ഞെട്ടിച്ചത്. എട്ട് മിനിറ്റേ കാത്തുനില്‍ക്കേണ്ടിവന്നുള്ളൂ. അതിലും സുന്ദരമായ ഒരു ഗോള്‍ വലയിലാക്കി അസാനോ ജപ്പാന് അവിശ്വസനീയമായ ജയം സമ്മാനിച്ചു. തുടര്‍ന്നങ്ങോട്ട് സമ്മര്‍ദ്ദത്തിലായ ജര്‍മ്മനിയെയാണ് കണ്ടത്. രണ്ട് ഗോള്‍ വിണ ശേഷം അര്‍ജന്റീനയും കടുത്ത സമര്‍ദ്ദത്തിലായിരുന്നു.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ജപ്പാനും ജര്‍മനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല അത്രമേല്‍ ജര്‍മന്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ജപ്പാന് സാധിച്ചു. ജപ്പാന്‍ ബോക്സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി.

33-ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്ന് ജര്‍മനിയ്ക്ക് പെനാല്‍റ്റി ലഭിച്ചു. ബോക്സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം ഇല്‍കൈ ഗുണ്ടോഗന് തെറ്റിയില്ല. ഗോണ്ടയെ അനായാസം കബിളിപ്പിച്ച് ഗുണ്ടോഗന്‍ ജര്‍മന്‍ പടയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചു.

ഗോള്‍ നേടിയ ശേഷവും ജര്‍മന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. പക്ഷേ ജപ്പാന്‍ പ്രതിരോധം അവയെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ഇന്‍ജുറി ടൈമില്‍ കൈ ഹാവെര്‍ട്സിലൂടെ ജര്‍മനി വീണ്ടും വലകുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജപ്പാന്‍ പ്രതിരോധതാരങ്ങളെ സമര്‍ത്ഥമായി വെട്ടിമാറ്റി ജര്‍മനിയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായി. 69-ാം മിനിറ്റില്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാസരം പകരക്കാരനായി വന്ന ജപ്പാന്റെ അസാനോ പാഴാക്കി. 70-ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിലേക്കുള്ള തുടര്‍ച്ചായ വന്ന നാല് ഷോട്ടുകള്‍ രക്ഷപ്പെടുത്തിക്കൊണ്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടെ ഏവരെയും ഞെട്ടിച്ചു. പിന്നാലെ ജപ്പാന്റെ വക തകര്‍പ്പന്‍ മുന്നേറ്റം. എന്‍ഡോയുടെ മികച്ച ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ ജര്‍മന്‍ നായകന്‍ എന്‍ഡോ രക്ഷിച്ചെടുത്തു.

എന്നാല്‍ ജപ്പാന്റെ ആക്രമണം അവിടംകൊണ്ട് തീര്‍ന്നില്ല. 75-ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് ജപ്പാന്‍ സമനില ഗോളടിച്ചു. റിറ്റ്സു ഡൊവാനാണ് ജപ്പാന്‍ പടയ്ക്ക് വേണ്ടി ഗോളടിച്ചത്. പക്ഷേ അവിടംകൊണ്ടൊന്നും ജപ്പാന്‍ അടങ്ങിയില്ല. 83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്.

ജര്‍മന്‍ ആരാധകര്‍ കണ്ണീരില്‍ മുങ്ങിയപ്പോള്‍ ജപ്പാന്‍ ക്യാമ്പില്‍ ആഹ്ലാദത്തിന്റെ പരകോടി. ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്‌സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.