തലശേരി ഇരട്ടക്കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതിക്കായി പൊലീസ് അന്വേഷണംഊര്‍ജിതം

തലശേരി ഇരട്ടക്കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതിക്കായി പൊലീസ് അന്വേഷണംഊര്‍ജിതം

തലശേരി: തലശേരിയില്‍ പട്ടാപ്പകല്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തില്‍പ്പെട്ട ജാക്‌സണ്‍, നവീന്‍, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്.

തലശേരി നഗരത്തില്‍ മയക്കുമരുന്ന സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കത്തിക്കുത്ത് നടന്നത്. കത്തിക്കുത്തില്‍ കൊടുവള്ളിയിലെ ഇല്ലിക്കുന്നില്‍ ത്രിവര്‍ണ്ണയില്‍ ഖാലിദ് (52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീര്‍ (48) എന്നിവരാണ് മരിച്ചത്. ഖാലിദ് തല്‍ക്ഷണവും ഷമീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ നെട്ടൂര്‍ സാറാസില്‍ ഷാനിബി (24) നെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ തലശേരി സഹകരണ ആശുപത്രി കാന്റീന് സമീപമായിരുന്നു ആക്രമണം.

ലഹരി വില്‍പനയെ ചൊദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയിലാണ് ഷമീറിനെ കോഴിക്കോട് എത്തിച്ചത്. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന പാറാല്‍ സ്വദേശി ഒളിവിലാണ്. ഈയാളോടൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ അഡിഷണല്‍ എസ്പിഎ. വി.പ്രദീപ്, തലശേരി എഎസ്പി നിതിന്‍ രാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.