ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ചു. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്നും യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും കോടതി ചോദിച്ചു.
വാദത്തിനിടെയാണ് കോടതി അരുണ്‍ ഗോയലിന്റെ നിയമനത്തിനെതിരെ ചോദ്യമുയര്‍ത്തിയത്. എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയതെന്ന് വാദത്തിനിടെ കോടതി കേന്ദ്രത്തോട് ആരായുകയായിരുന്നു. പതിനെട്ടിന് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ച അന്ന് തന്നെ പ്രധാനമന്ത്രി അരുണ്‍ ഗോയലിന്റെ പേര് നിര്‍ദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്നും ജസ്റ്റിസ് കെ.എം ജോസഫ് കേന്ദ്രത്തോട് ചോദിച്ചു.
'മെയ് 15 നാണ് ഒഴിവ് വന്നത്. മെയ് 15 മുതല്‍ നവംബര്‍ 18 വരെ നിങ്ങള്‍ എന്തു ചെയ്തുവെന്ന് പറയാമോ?' ഒരു ദിവസം എന്തുകൊണ്ടാണ് അതിവേഗത്തില്‍ നിയമനം നടത്തിയതെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗിയും ചോദിച്ചു.
അരുണ്‍ ഗോയല്‍ എന്ന വ്യക്തിക്കെതിരെ ഈ ബെഞ്ചിന് പ്രശ്‌നം ഒന്നുമില്ല. ഇതുവരെയുള്ള പ്രകടനം ഏറ്റവും മികച്ചതുമാണ്. എങ്കിലും ഈ നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് ജോസഫ് വിശദീകരിച്ചു. എന്നാല്‍ ഒളിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കോടതി ഇത്തരത്തില്‍ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറലും മറുപടി ചോദ്യമുന്നയിച്ചു. എന്നാല്‍ ചര്‍ച്ചയും സംവാദവുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിശദീകരിച്ച കോടതി കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്നും എജിക്ക് മറുപടി നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.