മംഗളൂരു സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്റ്‌സ് കൗണ്‍സില്‍'; ലക്ഷ്യം നാഗൂരി ബസ് സ്റ്റാന്റും കദ്രി ക്ഷേത്രവുമെന്ന് പൊലീസ്

മംഗളൂരു സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്റ്‌സ് കൗണ്‍സില്‍'; ലക്ഷ്യം നാഗൂരി ബസ് സ്റ്റാന്റും കദ്രി ക്ഷേത്രവുമെന്ന് പൊലീസ്

മംഗളൂരു:  മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സില്‍' എന്ന സംഘടന. ഇതു സംബന്ധിച്ച് കത്ത് ലഭിച്ചതായി കര്‍ണാടക പൊലീസ് അറിയിച്ചു.

ഈ സംഘടനയെക്കുറിച്ച് ഇതുവരെ അറിവുകളൊന്നുമില്ലെന്നും മംഗളൂരു നാഗൂരി ബസ് സ്റ്റാന്റ,് കദ്രി മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ഫോടനം നടത്താനാണ് ലക്ഷ്യമിട്ടതെന്നും പൊലീസ് വ്യക്തമാക്കി.

മംഗളൂരുവിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരേ കത്തില്‍ ഭീഷണിയുണ്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖിന്റെ ചിത്രം പതിച്ചുകൊണ്ടുള്ള കത്താണ് ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സിലിന്റെ പേരില്‍ പുറത്തു വന്നത്.

അതേസമയം  കത്ത് അയച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നും ഇതിന്റെ ആധികാരികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുഹമ്മദ് ഷാരിഖിന് ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പുതിയ അവകാശ വാദമെന്നും അതോ കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഷാരിഖിന് വ്യാജ സിം കാര്‍ഡ് നല്‍കിയ ആള്‍ അടക്കം അഞ്ച് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മംഗളൂരുവിലെ നാഗൂരില്‍ ഓട്ടോറിക്ഷയില്‍ വെച്ച് പ്രഷര്‍ കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖിനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. ഷാരിഖിന്റെ ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി.

പിന്നാലെ ഓട്ടോയില്‍ നിന്ന് പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയിലെ യാത്രക്കാരന്‍ ഷാരിഖ് ആണെന്നും ഇയാള്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളയാളാണെന്നും സ്ഥിരീകരിച്ചത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടനത്തിന് മുന്‍പ് പ്രതി ആലുവയില്‍ അഞ്ചു ദിവസം തങ്ങിയിരുന്നുവെന്നും മുഖ്യ ആസൂത്രണം നടന്നത് കൊച്ചിയിലും തമിഴ്‌നാട്ടിലെ മധുരയിലുമാണെന്ന് വ്യക്തമായിരുന്നു. എസ്‌ഐടിയും എന്‍ഐഎയും കൊച്ചിയും മധുരയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.