'സച്ചിന്‍ പൈലറ്റ് ചതിയന്‍, പാര്‍ട്ടിയെ വഞ്ചിച്ചു': മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെലോട്ട്; ചെളിവാരി എറിയേണ്ട സമയമല്ല ഇതെന്ന് പൈലറ്റ്

'സച്ചിന്‍ പൈലറ്റ് ചതിയന്‍, പാര്‍ട്ടിയെ വഞ്ചിച്ചു': മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെലോട്ട്; ചെളിവാരി എറിയേണ്ട സമയമല്ല ഇതെന്ന് പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി വീണ്ടും സമ്മര്‍ദ്ദം ചെലുത്തുന്ന സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും ഗെലോട്ട് പറഞ്ഞു.

സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും 2020-ല്‍ പൈലറ്റ് പക്ഷം എംഎല്‍എമാരുമായി നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെലോട്ട് പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

അന്ന് വിമത നീക്കം നടത്തിയ പൈലറ്റ് ഡല്‍ഹിയിലെത്തി അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വരെ നല്‍കി. ബിജെപിയുടെ ഡല്‍ഹി ഓഫീസില്‍ നിന്നാണ് ഈ പണമെല്ലാം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ചെളിവാരി എറിയേണ്ട സമയമല്ല ഇതെന്നും ഗെലോട്ട് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പ് വിജയത്തിനുമാണ് ശ്രമിക്കേണ്ടതെന്നും സച്ചിന്‍ പൈലറ്റ് തിരിച്ചടിച്ചു. തന്നെ ആക്രമിക്കാന്‍ ഗെലോട്ടിന് ഉപദേശം നല്‍കുന്നത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നത് അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ തടയുമെന്ന ഭീഷണി ഗുര്‍ജര്‍ വിഭാഗം ആവര്‍ത്തിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് സച്ചിന്‍ പൈലറ്റ് ഉന്നയിക്കുന്നത്.

എന്നാല്‍ ഹൈക്കമാന്‍ഡ് വച്ച് നീട്ടിയ ദേശീയ അധ്യക്ഷ പദവി പോലും നിരസിച്ച ഗെലോട്ട്, മുഖ്യമന്ത്രി കസേര ഒഴിയാന്‍ സന്നദ്ധനുമല്ല. ഡിസംബര്‍ വരെ കാക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ നീക്കമെന്നാണ് വിവരം. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് തന്റെ നിലപാട് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. യുവാക്കളുടേതടക്കം ആവശ്യം സച്ചിന്‍ വിഭാഗം എഐസിസിക്ക് മുന്‍പിലെത്തിച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.