എംബോളയുടെ സൂപ്പര്‍ ഗോളില്‍ വിജയത്തുടക്കവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്; വമ്പന്‍മാരോട് പൊരുതി തോറ്റ് കാമറൂണ്‍

എംബോളയുടെ സൂപ്പര്‍ ഗോളില്‍ വിജയത്തുടക്കവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്; വമ്പന്‍മാരോട് പൊരുതി തോറ്റ് കാമറൂണ്‍

അല്‍ ജനൂബ്: ഖത്തര്‍ ലോകകപ്പില്‍ വിജയത്തുടക്കമിട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഗ്രൂപ്പ് ജി മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കാമറൂണിനോടാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ വിജയം. ഫ്രഞ്ച് ലീഗ് ഒണ്‍ താരമായ ബ്രീല്‍ എംബോളോയുടെ ഗോളിന്റെ ബലത്തിലാണ് സ്വിസ് പട വിജയമുറപ്പിച്ചത്.

ലോക റാങ്കിങില്‍ തങ്ങളെക്കാള്‍ ഏറെ മുന്നിലായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രതിരോധ നിരയെ കൂസാതെയുള്ള ആക്രമണമായിരുന്നു കാമറൂണ്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കാഴ്ച വെച്ചത്. കാമറൂണ്‍ ഗോള്‍ മുഖത്തേയ്ക്ക് ഇരച്ചെത്തിപ്പോഴെല്ലാം ഗോള്‍ കീപ്പര്‍ യോന്‍ സമ്മര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ രക്ഷകനായി.

യോന്‍ സമ്മറിന്റെ മിന്നല്‍ സേവുകള്‍ മൈതാനത്തെ ആരവത്തിലാഴ്ത്തി. ആക്രമണവും പ്രതിരോധവും ആദ്യ പകുതിയില്‍ ഒരു പോലെ കാഴ്ച വെച്ച കാമറൂണിന് കളിയുടെ 48-ാം മിനിറ്റില്‍ 'സെര്‍ദാര്‍ ഷാക്കിറി' കിറു കൃത്യമായി എംബോളയ്ക്ക് നല്‍കിയ ക്രോസിന് തടയിടാന്‍ കഴിഞ്ഞില്ല.

എംബോളോ ഗോള്‍ വല ചലിപ്പിച്ചതോടെ കളിയുടെ ഗതി മാറി. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേയ്ക്ക് പായിക്കാനാകാതെ കളിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാം പകുതിയില്‍ കാമറൂണിനെ മികച്ച രീതിയില്‍ തന്നെ പ്രതിരോധിച്ചു.

സമനില ഗോള്‍ നേടാനായി കാമറൂണ്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങള്‍ ഗോള്‍ വലയിലെത്തിക്കാന്‍ കഴിയാതെ വന്നതോടെ ലോക റാങ്കിംഗിലെ 43-ാം സ്ഥാനക്കാരായ കാമറൂണ്‍ 15-ാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലാന്‍ഡിനോട് പൊരുതി പരാജയം ഏറ്റുവാങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.