യുറഗ്വയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ

യുറഗ്വയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ

ല്‍ റയാന്‍: ഏഷ്യന്‍ കരുത്തിന് മുന്നില്‍ വമ്പന്‍മാര്‍ അടിപതറുന്നത് ഖത്തര്‍ ലോകകപ്പില്‍ തുടര്‍ കാഴ്ച്ചയാകുന്നു. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ശക്തരായ യുറഗ്വയെ ഗോൾ രഹിത സമനിലയില്‍ തളച്ചാണ് ദക്ഷിണ കൊറിയ കരുത്ത് കാട്ടിയത്. തുടക്കം മുതല്‍ പന്ത് കൈയ്യടക്കത്തിലും അറ്റാക്കിങിലും മുന്നിട്ടുനിന്ന കൊറിയയുടെ അപ്രതീക്ഷിത മുന്നേറ്റങ്ങളില്‍ ചെറുത്തുനില്‍പ്പിന്റെ റോളിലേക്ക് പിന്‍വലിയേണ്ട ഗതികേടിലായി പോയി മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക്. 

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ യുറുഗ്വായിയെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയയാണ് ആധിപത്യം പുലര്‍ത്തിയത്. സണ്‍ ഹ്യുങ് മിന്നിന്റെ നേതൃത്വത്തിലുള്ള കൊറിയന്‍ മുന്നേറ്റനിര നിരന്തരം യുറുഗ്വായ് പ്രതിരോധത്തില്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. അവരുടെ മിന്നല്‍വേഗത്തിനൊപ്പം പിടിക്കാന്‍ പ്രായം തളര്‍ത്തിയ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ആദ്യ പത്തുമിനിറ്റില്‍ ലക്ഷ്യബോധമില്ലാതെ ചലിച്ച യുറുഗ്വായ് പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു.

21ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ യുറുഗ്വായ് സൂപ്പര്‍താരം ഡാര്‍വിന്‍ ന്യൂനസിന് സാധിച്ചില്ല. പെല്ലിസ്ട്രിയുടെ അളന്നുമുറിച്ച ക്രോസ് കൃത്യമായി കാലിലൊതുക്കി വലകുലുക്കുന്നതില്‍ ന്യൂനസ് പരാജയപ്പെട്ടു. 33ാം മിനിറ്റില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ഗോളാക്കി മാറ്റാന്‍ ദക്ഷിണകൊറിയയുടെ ഹവാങ്ങിനും സാധിച്ചില്ല. 

കൊറിയ ആക്രമിച്ച് കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളടിക്കാനാണ് യുറുഗ്വായ് ശ്രമിച്ചത്. 43ാം മിനിറ്റില്‍ യുറുഗ്വായ് പ്രതിരോധതാരം ഗോഡിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ കൊറിയന്‍ പോസ്റ്റിലിടിച്ച് തെറിച്ചു. രണ്ടാം പകുതിയിലും കൊറിയ ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് അഴിച്ചുവിട്ടത്. പക്ഷേ ശക്തമായ യുറുഗ്വായ് പ്രതിരോധം അതെല്ലാം വിഫലമാക്കി. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞപ്പോള്‍ മത്സരം ആവേശത്തിലേക്കുയര്‍ന്നു. 

64ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍താരം എഡിന്‍സണ്‍ കവാനി ഗ്രൗണ്ടിലെത്തി. 81ാം മിനിറ്റില്‍ കവാനി തുടങ്ങിവെച്ച മുന്നേറ്റം ഗോളില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഫലം കണ്ടില്ല. കവാനി ന്യൂനസ്സിന് പന്ത് കൈമാറിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ കവാനിയുടെ വരവ് ടീമിന്റെ ആക്രമണങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

90ാം മിനിറ്റില്‍ വാല്‍വെര്‍ദെയുടെ വെടിയുണ്ട കണക്കെയുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ കൊറിയന്‍ പോസ്റ്റിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ കൊറിയയുടെ പ്രത്യാക്രമണം. സണ്‍ ഹ്യുങ് മിന്നിന്റെ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇരുടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 

മികച്ച നീക്കങ്ങളുണ്ടായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് കൊറിയയ്ക്ക് വിലങ്ങുതടിയായത്. കൃത്യമായ പ്ലാനിങ്ങിന്റെ കുറവ് ടീമിന്റെ മുന്നേറ്റങ്ങളില്‍ പ്രകടമായി. എന്നാലും രണ്ട് തവണ ലോകചാമ്പ്യന്മാരായ പേരുകേട്ട യുറുഗ്വായിയെ വിറപ്പിച്ചാണ് കൊറിയ സമനിലയില്‍ പിടച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.