മംഗളൂരു: മഗലാപുരം നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ അറിയിച്ചിരുന്നു.
സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍ഐഎ നീക്കം തുടങ്ങിയിരുന്നു.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് റെസിസ്റ്റൻസ് കൗൺസിൽ (ഐ.ആർ.സി) ഏറ്റെടുത്തു. സന്ദേശത്തിലൂടെയാണ് ഐ.ആർ.സി ഇതറിയിച്ചത്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഐ.ആർ.സിയുടെ ലെറ്റർ ഹെഡിൽ ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച കത്തിന്റെയും സംഘടനയുടെയും നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാറിന് കത്തിൽ ഭീഷണിയുണ്ട്.
കത്ത് എവിടെനിന്നയച്ചുവെന്നത് സംബന്ധിച്ച് സൂചനകളില്ലെന്നും ഐ.ആർ.സിയെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി ശിവമൊഗ്ഗ തീർഥഹള്ളിയിൽ താമസിക്കുന്ന ഷാരിഖിന്റെ (29) ഫോട്ടോ ചേർത്ത കത്ത് ഇംഗ്ലീഷിലാണ് ടൈപ് ചെയ്തിട്ടുള്ളത്.
'മംഗളൂരുവിലെ കാവി തീവ്രവാദികളുടെ കോട്ടയായ കദ്രിയിലെ ഹിന്ദുത്വ ക്ഷേത്രം ആക്രമിക്കാൻ തങ്ങളുടെ പോരാളിയായ സഹോദരൻ ശ്രമം നടത്തി' എന്നാണ് കത്തിലെ പ്രധാന വരി. ഓപറേഷൻ ലക്ഷ്യം കണ്ടില്ലെങ്കിലും അതൊരു വിജയമായാണ് കാണുന്നത്.
തങ്ങളുടെ സഹോദരന്റെ അറസ്റ്റിൽ സന്തോഷിക്കുന്ന എ.ഡി.ജി.പി അലോക് കുമാറിനെ പോലുള്ളവരുടെ സന്തോഷത്തിന് അൽപായുസ്സാണെന്നും അടിച്ചമർത്തലിന്റെ ഫലം വൈകാതെ നിങ്ങൾ അനുഭവിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കദ്രിയിലെ പ്രശസ്ത മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടതെന്നു പറയപ്പെടുന്ന സ്ഫോടനം അരങ്ങേറിയത്. പ്രഷർ കുക്കറിൽ ഒരുക്കിയ സ്ഫോടക വസ്തുക്കളുമായി ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശി ഷാരിഖ് (29) ഓട്ടോയിൽ പോകവെ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഷാരിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ശരീരത്തിന്റെ 40 ശതമാനവും പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായതിനാൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.