പോംപോയുടെ ഇരട്ടഗോളില്‍ ബ്രസീലിന് വിജയത്തുടക്കം

പോംപോയുടെ ഇരട്ടഗോളില്‍ ബ്രസീലിന് വിജയത്തുടക്കം

പോംപോയുടെ ഇരട്ട ഗോളിന്‍റെ ചിറകിലേറി കാനറി പക്ഷിക്കൂട്ടം പറന്നുയർന്നത് വിജയത്തിന്‍റെ വിഹായസ്സിലേക്ക്. സെർബിയയുടെ പ്രതിരോധപൂട്ട് തകർത്ത് ബ്രസീലിന്‍റെ വിജയമുറപ്പിച്ച രണ്ട് ഗോളുകള്‍ നേടിയത് പോംപോ അഥവാ പ്രാവ് എന്ന് വിളിക്കപ്പെടുന്ന റിച്ചാർലിസണാണ്. പരുക്കുമൂലം ബ്രസീല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുമോയെന്നുവരെ സംശയിച്ച ഒരു ഘട്ടത്തില്‍ നിന്ന് ടീമിന്‍റെ മുഖ്യതാരമായി ഉയർന്നതിന് പിന്നില്‍ റിച്ചാർലിസന്‍റെ വിജയദാഹവും ആത്മാർപ്പണവും കഠിനാധ്വാനവുമുണ്ട്. പരുക്ക് മൂലം തകർന്ന മനസുമായി സ്വയം ഒറ്റപ്പെട്ട് നിന്ന റിച്ചാർലിസണെ ഫുട്ബോളിലേക്ക് തിരികെ കൊണ്ടുവന്നത് പരിശീലകന്‍ ടിറ്റെയുടെ ആത്മവിശ്വാസം പകർന്ന വാക്കുകളായിരുന്നു.
ദിവസങ്ങള്‍ക്കിപ്പുറം ടിറ്റെയുടെ വിശ്വാസത്തെ മൈതാനത്ത് സാക്ഷാത്കരിക്കാന്‍ റിച്ചാർലിസണ് സാധിച്ചു. ഒന്നോർത്തു നോക്കൂ, ബ്രസീല്‍ എന്നാല്‍ നെയ്മറിലേക്ക് മാത്രം പരിമിതപ്പെട്ടുപോകുന്ന (ചുരുങ്ങിയത് ആരാധകർക്കിടയിലെങ്കിലും) ഒരു കാലത്ത് എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലകൂടെ തന്‍റെ ടീമിന്‍റെ കിരീടത്തിലേക്കുളള യാത്രയില്‍ സ്വപ്നസമാനമായ തുടക്കം നല്‍കാന്‍ സാധിക്കുകയെന്നുളളത് എത്ര മഹത്തരമാണ്.

എല്ലാക്കാലത്തും പ്രതിഭാസമ്പന്നമാണ് ബ്രസീല്‍ നിര. ഒന്നിലധികം സൂപ്പർ താരങ്ങളുടെ നിത്യസാന്നിദ്ധ്യം. ഇതിനിടയിലാണ് താരപരിവേഷമില്ലാത്ത ഈ മനുഷ്യന്‍ കാലുകളില്‍ അത്ഭുതം ഒളിപ്പിച്ച് മൈതാനത്ത് ഇറങ്ങിയത്. അദ്ദേഹം ബൈസിക്കിള്‍ കിക്കിലൂടെ നേടിയ രണ്ടാം ഗോള്‍ ഈ ടൂർണമെന്‍റിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായി മാറുമെന്നതില്‍ സംശയമില്ല. കാര്യങ്ങള്‍  ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യപകുതിയില്‍ ബ്രസീലിന്‍റെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സെർബിയയ്ക്ക് സാധിച്ചു. നെയ്മറിന് പോലും ഫിനിഷിംഗില്‍ പോരായ്മകള്‍ സംഭവിച്ചു. ഫ്രീകിക്കിലൂടെ ലഭിച്ച അവസരവും അദ്ദേഹം നഷ്ടമാക്കി.

മധ്യനിരയില്‍ കളിമെനയുന്നതില്‍ ബ്രസീല്‍ മികച്ച് നിന്നു. സെർബിയയുടെ പാസിഗിംന് കൃത്യത ഉണ്ടായിരുന്നില്ല. എങ്കിലും ചില ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സെർബിയക്ക് സാധിച്ചു. രണ്ട് ഗോളുകള്‍ നേടിയ ശേഷം നെയ്മറിനേയും റിച്ചാലിസണേയും പിന്‍വലിച്ച് ഗബ്രിയേല്‍ ജീസുസിനും ആന്‍റണിക്കുമൊക്കെ പരിശീലകന്‍ അവസരം നല്‍കി. ഒരുകാലത്ത് നെയ്മറിനെപ്പോലും അതിശയിപ്പിക്കുന്ന കളിക്കാരനായി ഉയർന്ന് വരുമെന്ന് ഫുട്ബോള്‍ ലോകം കരുതിയിരുന്ന കളിക്കാരനാണ് ജിസൂസ്. ബ്രസീലിന്‍റെ പകരക്കാരുടെ നിര എത്രത്തോളം ശക്തമാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. ഗോളടിക്കാന്‍ നെയ്മർ മാത്രമല്ല ഉളളതെന്ന് ലോകത്തോട് വിളംബരം ചെയ്യാന്‍ ബ്രസീലിന് കഴിഞ്ഞു. ഇത് നെയ്മറിലുളള സമ്മർദ്ദം കുറയാന്‍ കാരണമായേക്കും. ഏതായാലും ആറാം കിരീടത്തിനുളള അവകാശവാദം ശക്തമായി ഉയർത്താന്‍ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട് എന്നുളളത് അവിതർക്കിതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.