ഷാരോണ്‍ വധം: കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് തന്നെ അന്വേഷിക്കും

ഷാരോണ്‍ വധം: കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് തന്നെ അന്വേഷിക്കും

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ കേസ് തമിഴ്‌നാടിന് കൈമാറില്ല. കേസ് കേരള പൊലീസ് അന്വേഷിക്കുന്നതിന് തടസമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏല്‍പിക്കരുതെന്ന ആവശ്യവുമായി ഷാരോണിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണമെന്നായിരുന്നു ആദ്യ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരുടെ അഭിപ്രായം പൊലീസ് തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഷാരോണ്‍ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായം നല്‍കിയത്. ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.

ഷാരോണിന്റെ വീട്ടുകാരുടെ പരാതിയില്‍ പാറശാല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ കേസ് തമിഴ്‌നാട് പൊലീസിനു കൈമാറണോ എന്ന് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

വിചാരണവേളയില്‍ സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍, കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും ഷാരോണിന്റെ മൊഴി രേഖപ്പെടുത്തിയതുമെല്ലാം കേരള പൊലീസാണ്. ആ സാഹചര്യത്തില്‍ കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.