ഗൂഗിളില്‍ നോക്കി കള്ളനോട്ട് ഉണ്ടാക്കി: ലോട്ടറി വാങ്ങാനെത്തിയ അമ്മ ആദ്യം പിടിയില്‍; പിന്നാലെ മകളും

 ഗൂഗിളില്‍ നോക്കി കള്ളനോട്ട് ഉണ്ടാക്കി: ലോട്ടറി വാങ്ങാനെത്തിയ അമ്മ ആദ്യം പിടിയില്‍; പിന്നാലെ മകളും

കോട്ടയം: ഗൂഗിളില്‍ നോക്കി കള്ളനോട്ട് ഉണ്ടാക്കി ലോട്ടറി ടിക്കറ്റ് വാങ്ങിയ സംഭവത്തില്‍ അമ്മയും മകളും അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശികളായ വിലാസിനി (68), ഷീബ (34) എന്നിവരാണ് കോട്ടയത്ത് അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് വിലാസിനി കള്ളനോട്ടുമായി ലോട്ടറി ടിക്കറ്റ് വാങ്ങാനായി എത്തിയത്. എന്നാല്‍ സംശയം തോന്നിയ കടയുടമ ഇവരെ തടഞ്ഞുവെക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കള്ളനോട്ടാണെന്ന് തിരിച്ചറിയുകയും വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിലാസിനിയുടെ കൈവശമുണ്ടായിരുന്ന 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. വിലാസിനിയെ ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട് ഉണ്ടാക്കുന്നതില്‍ മകളുടെ പങ്ക് വ്യക്തമായത്. ഇതോടെ ഷീബയും വിലാസിനിയും വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി ഷീബയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും 200 രൂപയുടെ ഏഴ് വ്യാജ നോട്ടുകളും 100 രൂപയുടെ നാല് വ്യാജ നോട്ടുകളും 10 രൂപയുടെ എട്ട് വ്യാജ നോട്ടുകളും പിടിച്ചെടുത്തു. അതിനൊപ്പം വ്യാജ നോട്ടുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും, പ്രിന്ററും, സ്‌കാനറും കണ്ടെത്തി.

വിശദമായ ചോദ്യം ചെയ്യലിലാണ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു വീഡിയോ കണ്ടാണ് കള്ളനോട്ട് ഉണ്ടാക്കാന്‍ പഠിച്ചതെന്ന് ഷീബ പൊലീസിനോട് പറഞ്ഞത്. ഇത്തരത്തില്‍ തയ്യാറാക്കുന്ന വ്യാജനോട്ട് അമ്മയുടെ കൈവശം കൊടുത്തുവിട്ട് ലോട്ടറി കടയിലും മാര്‍ക്കറ്റിലും കൈമാറുകയാണ് ചെയ്തിരുന്നതെന്നും ഷീബ സമ്മതിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.