ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തിയ മൂന്ന് പേര്‍ കസ്റ്റഡിയില്‍

 ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തിയ മൂന്ന് പേര്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ബാവ്‌ലയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോണ്‍ പറത്തിയത് വലിയ സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികള്‍ ഗുജറാത്തില്‍ നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബാവ്‌ലയില്‍ അദ്ദേഹം പ്രസംഗിക്കുന്നതിനിടെയാണ് ഡ്രോണ്‍ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്.

പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷയെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവര്‍ക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.

അതേസമയം ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞു തന്നെ ആം ആദ്മിയും വോട്ട് തേടിയതോടെ തങ്ങളുടെ പെട്ടിയില്‍ വീഴേണ്ട വോട്ടുകള്‍ കുറച്ചെങ്കിലും അവര്‍ പിടിക്കുമോ എന്ന പേടിയിലാണ് ബിജെപി.

ഗുജറാത്ത് തെരഞ്ഞെടുപ്പടുത്തിരിക്കെ ഹൈന്ദവ പ്രീണനം ലക്ഷ്യമിട്ട പല പ്രസ്താവനകളും വാഗ്ദാനങ്ങളും ആം ആദ്മി പാര്‍ട്ടി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കറന്‍സിയില്‍ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന കെജരിവാളിന്റെ ആവശ്യം.

182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് ഫല പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.