'താരാരാധന ഇസ്ലാമിക വിരുദ്ധം': ഫുട്ബോള്‍ ലഹരിക്കെതിരെ സമസ്ത; നിലപാട് തള്ളി മുനീറും ശിവന്‍കുട്ടിയും

'താരാരാധന ഇസ്ലാമിക വിരുദ്ധം': ഫുട്ബോള്‍ ലഹരിക്കെതിരെ സമസ്ത; നിലപാട് തള്ളി മുനീറും ശിവന്‍കുട്ടിയും

ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ലെന്നും സമസ്ത.

കോഴിക്കോട്: ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഒരു ലഹരിയായി മാറുമ്പോള്‍ വേറിട്ട കാഴ്ചപ്പാടുമായി സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് സമസ്ത വ്യക്തമാക്കുന്നത്. ഇന്നത്തെ ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബയ്ക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് സമസ്ത ഇത്തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

നമസ്‌കാരം കൃത്യസമത്ത് നിര്‍വഹിക്കുന്നതില്‍ നിന്നും തടസപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസികളുടെ സമീപനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല. ചെലവിടുന്ന സമയവും പണവും അവന്റെ ദൈവം നല്‍കിയതാണ്. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ലഹരിയായി തീരാന്‍ പാടില്ല.

ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി. നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്ത ബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.

രാത്രി സമയങ്ങളില്‍ ലോകകപ്പ് കളി കാണുന്നവര്‍ പകലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാതെ ശ്രദ്ധിക്കണം. ഫുട്ബോളിനോടുള്ള സ്നേഹവും താരങ്ങളോടുള്ള ആരാധനയുമാണ് പല സ്ഥലങ്ങളിലായുള്ള താരങ്ങളുടെ കൂറ്റന്‍ ഫ്ളക്സുകള്‍ക്ക് പിന്നിലുള്ളത്.

വിശ്വാസികള്‍ അതിരുവിട്ട് താരങ്ങളെ ആരാധിക്കുന്നത് അപകടമാണ്. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശക്കാരും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്തയുടെ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ സമസ്തയുടെ നിര്‍ദേശത്തെ മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ തള്ളിക്കളഞ്ഞു. എല്ലാവരും ആവേശത്തോടെ കാണുന്നതാണ് ഫുട്‌ബോളെന്നും എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും മുനീര്‍ പറഞ്ഞു.

സമസ്തയുടെ നിലപാടിനെതിരെ മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്തു വന്നു. ഇത്തരം കാര്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.