കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ 'ലോണ്‍ വൂള്‍ഫുകള്‍' എന്ന് കണ്ടെത്തല്‍. ഭീകര സംഘടനകളുമായി ബന്ധമുള്ള ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവാക്കളാണ് 'ലോണ്‍ വൂള്‍ഫുകള്‍' എന്നറിയപ്പെടുന്നത്.
ആരുമായും വലിയ ബന്ധങ്ങളുണ്ടാക്കാതെ ഒറ്റപ്പെട്ട് നടക്കുന്ന ഇത്തരം ലോണ്‍ വൂള്‍ഫുകളെ വിദേശത്തു നിന്നാണ് നിയന്ത്രിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും ഭീകര പ്രസ്ഥാനങ്ങളോട് താല്‍പര്യമുള്ളതായി ആര്‍ക്കും തോന്നില്ല. ഇത്തരക്കാരാണ് പുതിയ ഭീഷണിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
രണ്ട് സ്ഫോടനങ്ങള്‍ക്കു പിന്നിലും ഇത്തരം ലോണ്‍ വൂള്‍ഫുകളാണന്ന് ബോധ്യപ്പെട്ടതോടെ ഈ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. രണ്ട് സ്ഫോടനങ്ങള്‍ക്കുമുള്ള സമാനതകളും ഇരു കേസുകളിലേയും പ്രതികള്‍ കൊച്ചിയിലെത്തിയതും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) പ്രത്യേകം പരിശോധിക്കുന്നുണ്ട്.
കോയമ്പത്തൂര്‍ കേസിലെ പ്രതി ജമീഷ മുബീനും മംഗളൂരു കേസിലെ പ്രതി മുഹമ്മദ് ഷാരിഖിനും വിദേശത്തു നിന്ന് നിര്‍ദേശങ്ങള്‍ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ലോണ്‍ വൂള്‍ഫുകളെ കണ്ടെത്താന്‍ സംശയകരമായ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഇതിനിടെ ജമീഷ മുബീനും മുഹമ്മദ് ഷാരിഖും കൊച്ചിയില്‍ എത്തിയത് എന്തിനാണെന്ന് സംസ്ഥാന എടിഎസും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും കൊച്ചിയില്‍ വന്നു പോയത്. സ്ഫോടനത്തില്‍ ഉപയോഗിച്ച സാധനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങി എന്നതിനപ്പുറത്ത് ഇവര്‍ക്ക് കേരളത്തില്‍ മറ്റു ബന്ധങ്ങള്‍ ഉണ്ടോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇതിനിടെ, കോയമ്പത്തൂര്‍ കേസിന് പിന്നാലെ മംഗളൂരു സ്ഫോടനക്കേസും എന്‍ഐഎ ഏറ്റെടുത്തേക്കും. രണ്ട് കേസുകളിലേയും സമാനതകളും ബന്ധങ്ങളും മനസിലാക്കിയാണ് മംഗളൂരു കേസും എന്‍ഐഎ ഏറ്റെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.