ദോഹ: കൊണ്ടും കൊടുത്തും 90 മിനിറ്റിലേറെ സമയം ഖത്തറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തെ ഇളക്കിമറിച്ച ഇംഗ്ലണ്ട്-യു.എസ്.എ പോരാട്ടം സമനിലയില്‍. നിശ്ചിത സമയവും അധിക സമയവും വീറും വാശിയോടും ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. അജയരായി തുടങ്ങിയ തങ്ങള്‍ക്ക് ഈ മത്സവും അനായാസം ജയിച്ചു കയറാമെന്ന ഇംഗ്ലണ്ട് കോച്ച് സൗത്‌ഗേറ്റിന്റെ കണക്കുകൂട്ടലുകള്‍ യുഎസ് ഒന്നൊന്നായി പൊളിച്ചടുക്കുന്ന കാഴ്ച്ചയായിരുന്നു മൈതാനത്ത്.
ഖത്തര്‍ ലോകകപ്പ് കണ്ട മികച്ച പോരാട്ടങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ട്-യുഎസ് മത്സരം ഗോള്‍ രഹിത സമനസലിയില്‍ അവസാനിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റുകള്‍ പങ്കിട്ടു. ഒരു കളി ജയിച്ച ഇംഗ്ലണ്ട് നാല് പോയിന്റുമായി ഒന്നാമതാണ്. കളിച്ച രണ്ട് കളിയിലും സമനില വഴങ്ങിയ യു.എസ്.എ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇറാനെതിരായ അടുത്ത മല്‍സരത്തില്‍ വിജയിച്ചാല്‍ യു.എസ്.എയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം.
ഇംഗ്ലീഷ് പടയുടെ കരുത്തും യുഎസിന്റെ ദൗര്‍ബല്യങ്ങളും പ്രകടമാക്കുന്നതായിരുന്നു മത്സരത്തിന്റെ തുടക്കം. ഗ്രൂപിലെ ആദ്യ മത്സരത്തില്‍ ഇറാനെതിരെ ആറു ഗോളടിച്ച് വന്‍ജയം ആഘോഷിച്ച ഇംഗ്ലീഷുകാര്‍ക്ക് ഇത്തവണ പലതും പിഴച്ചു. എന്നിട്ടും മുന്നില്‍നിന്ന ടീം അവസരങ്ങള്‍ ചിലതു തുറന്നെങ്കിലും ഒന്നും ഗോളാകാന്‍ മാത്രമുണ്ടായില്ല.
ആദ്യ പകുതിയില്‍ 62 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ഇംഗ്ലണ്ട് പടയാണ്. 86 ശതമാനം പാസിംഗ് കൃത്യതയും ടീമിനുണ്ടായിരുന്നു. പക്ഷേ ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. 38 ശതമാനം സമയമാണ് യുഎസ് കളി നിയന്ത്രിച്ചത്. രണ്ടു കോര്‍ണറുകള്‍ ഇരുടീമിനും ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
രണ്ടാം പകുതിയല്‍ തുടര്‍ ആക്രമണങ്ങള്‍ തന്നെ നടത്തി. ഇംഗ്ലീഷ് താരങ്ങളും ഗോള്‍ദാഹം തീര്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചു. 58, 59, 60 മിനുട്ടുകളിലായി യുഎസിന് തുടര്‍ പ്രീക്വിക്കുകള്‍ ലഭിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിര അതൊക്കെ തട്ടിത്തെറിപ്പിച്ചു. 86ാം മിനുട്ടില്‍ റാഷ്ഫോഡിന് അനായാസം ഷോട്ടുതിര്‍ക്കാന്‍ അവസരം ലഭിച്ചെങ്കിലും യുഎസ് ഗോളി പന്ത് കൈപ്പിടിയിലാക്കി. 92ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ ഗോള്‍പോസ്റ്റിന് മുമ്പില്‍ വെച്ച് ക്യാപ്റ്റന്‍ ഹാരികെയ്ന്‍ ഹെഡ് ചെയ്തെങ്കിലും പുറത്തേക്കാണ് പന്ത് പോയത്.
കളി അവസാനിക്കുമ്പോള്‍ പന്തടക്കത്തിന്റെ 56 ശതമാനം ഇംഗ്ലണ്ടിന്റെ കയ്യിലും 44 ശതമാനം യുഎസിന്റെ കൈവശവുമായിരുന്നു. യുഎസിന് ഏഴു കോര്‍ണറുകള്‍ കിട്ടിയെങ്കിലും ഗോളടിക്കാനായില്ല. മൂന്നു കോര്‍ണറുകളാണ് ഹാരി കെയ്നിന്റെ സംഘത്തിന് കിട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.