സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ ദൈവനിന്ദ: ഫ്രാന്‍സിസ് പാപ്പ

 സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ ദൈവനിന്ദ: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സ്ത്രീകളോടോ അവളുടെ ശരീരത്തോടോ മോശമായി പെരുമാറുന്നത് ദൈവത്തോടുള്ള നിന്ദയാണെന്ന് ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സത്രീകളാണ്. അവര്‍ ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ തന്നെ ദൈനംദിന സാഹചര്യങ്ങളിലും അവര്‍ പല വിധത്തില്‍ അക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാക്കപ്പെടുന്നതായി മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്ന വേളയിലാണ് സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചത്.

ലൈംഗികത്തൊഴിലാളികളായി ദുരുപയോഗിക്കപ്പെടുകയും ചൂഷണത്തിനും അക്രമത്തിനും ഇരയാകുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നാം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ മാനവികതയുടെ നിലവാരം അളക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.

1981 മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ 25-ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിച്ചുവരുന്നു.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ രാഷ്ട്രീയപ്രവര്‍ത്തകരായിരുന്ന മിറാബല്‍ സഹോദരിമാരെ 1960-ല്‍ രാജ്യത്തിന്റെ ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഓര്‍മയ്ക്കായിട്ടാണ് നവംബര്‍ 25, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഈ ദിനാചരണം. അതിക്രമങ്ങള്‍ക്കെതിരേ അവബോധം വര്‍ദ്ധിപ്പിക്കാനും പരിഹാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആഗോള നടപടി ആവശ്യമാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു.

ഓരോ 11 മിനിറ്റിലും ശരാശരി ഒരു സ്ത്രീയോ, പെണ്‍കുട്ടിയോ സ്വന്തം കുടുംബത്തിലെ ആരുടെയെങ്കിലും കൈകളാല്‍ കൊല്ലപ്പെടുന്നുണ്ടെന്ന് യുഎന്നിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗാര്‍ഹികപീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരേ ശബ്ദം ഉയര്‍ത്താന്‍ മാത്രമായി പരിമിതപ്പെടുത്താതെ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട എല്ലാത്തരം ആഘാതങ്ങളെയും മുന്‍വിധികളെയും അപലപിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ദിനം. കോവിഡ് പകര്‍ച്ചവ്യാധിക്കു ശേഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേ എല്ലാത്തരം അതിക്രമങ്ങളും പ്രത്യേകിച്ച് ഗാര്‍ഹിക പീഡനങ്ങള്‍ തീവ്രമായിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.