ഖത്തർ ലോക കപ്പ് ഫുട്ബോളിലെ വേഗതയേറിയ ഗോളില്‍ പതറാതെ ക്ഷമാപൂർവ്വമായ പ്രത്യാക്രമണങ്ങളിലൂടെ നെതർലന്‍റ്സിനെ സമനിലയില്‍ കുരുക്കി ഇക്വഡോർ. ആറാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ മുന്നിലെത്തിയിട്ടും മത്സരാന്ത്യം വരെ ആ ആധിപത്യം നിലനിർത്താന്‍ നെതർലന്‍റ്സിന് സാധിച്ചില്ല. 49 ആം മിനിറ്റില്‍ ഇക്വഡോറിന്‍റെ സൂപ്പർ താരം എന്നർ വലന്‍സിയ നേടിയ ഗോളില്‍ നോക്കൗട്ട് ഘട്ട പ്രതീക്ഷ നിലനിർത്താന്‍ അവർക്ക് സാധിച്ചു. പരിക്കിനെ വകവയ്ക്കാതെ കളിക്കാനിറങ്ങിയ വലന്‍സിയയുടെ ധീരതയ്ക്ക് സല്യൂട്ട്. ഖത്തറിനെതിരെ ഉദ്ഘാടന മത്സരത്തില്‍ നിർണായക ഗോള്‍ നേടിയതും വലന്‍സിയ ആയിരുന്നു. ഇതോടെ എ ഗ്രൂപ്പില്‍ നെതർലന്‍റ്സിനും ഇക്വഡോറിനും സെനഗലിനും ഒരുപോലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുളള സാധ്യത നിലനിർത്താന്‍ സാധിച്ചു. നെതർലന്‍റ്സും ഇക്വഡോറും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണുളളത്.
രണ്ട് വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന ടീമുകളാണ് നെതർലന്‍റ്സും ഇക്വഡോറും. ടോട്ടല്‍ ഫുട്ബോളിന്‍റെ ഉപജ്ഞാതാവും പ്രയോക്താവുമായിരുന്ന യൊഹാന്‍ ക്രൈഫിന്‍റെ പിന്തുടർച്ച അവകാശപ്പെടുന്ന നെതർലന്‍റ്സ് വേഗത്തില്‍ കളി മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. വേഗതയും ശക്തിയുമാണ് അവരുടെ പ്രത്യേകത. എന്നാല്‍ നെതർലന്‍റ്സിന്‍റെ വേഗമേറിയ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാതെ മികച്ച അവസരങ്ങള്‍ക്കായി ക്ഷമാപൂർവ്വം കാത്തിരിക്കാനുളള തന്ത്രപരമായ സമീപനാണ് ഇക്വഡോർ സ്വീകരിച്ചത്. അതിന്‍റെ ഫലമാണ് വലന്‍സിയയുടെ ഗോള്‍.
ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ വശ്യത ഇക്വഡോറിന്‍റെ പല നീക്കങ്ങളിലും കാണാനായി. തങ്ങളുടെ കളിതാളത്തിലേക്ക് നെതർലന്‍റ്സിനെ കൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ് ഇക്വഡോറിന്‍റെ നേട്ടം. ആറാം മിനിറ്റില്‍ തന്നെ ലീഡ് നേടിയിട്ടും അത് നില നിർത്താനോ കൂടുതല്‍ ഗോളുകള്‍ നേടാനോ സാധിക്കാതിരുന്ന നെതർലന്‍റ്സ് മുന്നോട്ടുളള യാത്രയില്‍ കാര്യമായ ആത്മ പരിശോധന നടത്തേണ്ടി വരും. പരിചയ സമ്പന്നനായ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ അവലംബിക്കുന്ന പൊതു തന്ത്രങ്ങളായിരിക്കും ഇനി നെതർലൻറ്സിന്‍റെ മുന്നോട്ടുളള യാത്രയില്‍ നിർണായകമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.