രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടന; ഡിജിറ്റല്‍ കോടതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി

രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടന; ഡിജിറ്റല്‍ കോടതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ കോടതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനായി ഡിജിറ്റല്‍ കോടതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച വേളയിലാണ് നരേന്ദ്ര മോഡി ഇക്കാര്യം പരാമര്‍ശിച്ചത്.

രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തി ഭരണഘടനയാണെന്നും ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയ്ക്കിടയില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നീതി ന്യായവ്യവസ്ഥയും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1949 ല്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി 2015 മുതലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. സാധാരണക്കാര്‍ക്കും നീതിന്യായ വ്യവസ്ഥകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി. വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്,
JustIS മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, S3WaaS സൈറ്റുകള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

നീതി ന്യായവ്യവസ്ഥ സുതാര്യമാക്കുന്നതിനായി വ്യക്തമായ സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുന്ന സൈറ്റാണ് വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്. കേസുകളുടെ വിശദാംശങ്ങള്‍, തീര്‍പ്പാക്കിയ കേസുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കോടതിയേയും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത ജഡ്ജിമാരെയും നിരീക്ഷിച്ചുകൊണ്ട് ഫലപ്രദമായ രീതിയില്‍ കേസ് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് ജസ്റ്റിസ് മൊബൈല്‍ ആപ്പ് 2.0.

പേപ്പര്‍ രഹിത കോടതികളിലേക്കുള്ള മാറ്റം സാധ്യമാക്കുന്നതിനായി കോടതി രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ജഡ്ജിക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണ് ഡിജിറ്റല്‍ കോടതിയെന്നും പ്രധാനമന്ത്രി വിശദമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.