'കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി'; സ്റ്റേഷന് മുന്‍പില്‍ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളുമായി പൊലീസുകാര്‍

'കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി'; സ്റ്റേഷന് മുന്‍പില്‍ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളുമായി പൊലീസുകാര്‍

കൊച്ചി: ലോകകപ്പിന്റെ ആവേശം നാടെങ്ങും മുങ്ങുമ്പോള്‍ ജോലിക്കിടയിലും ലോകകപ്പ് ആവേശത്തില്‍ പങ്കാളികളായി കളമശേരി പൊലീസ്. മൂന്നു സൂപ്പര്‍താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്. കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി എന്നാണ് പൊലീസുകാരുടെ സന്ദേശം.

മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് കട്ടൗട്ടുകള്‍ക്ക് താഴെയും കളമശേരി പൊലീസ് സ്റ്റേഷനിലെ ആരാധകക്കൂട്ടായ്മ എന്നെഴുതിയിരിക്കുന്നത് കാണാം. ഒരുപക്ഷെ പൊലീസ് വക ഫാന്‍സ് അസോസിയേഷനും കട്ടൗട്ടുകളും ആദ്യമായിട്ടാകും. അതുകൊണ്ടു തന്നെ ഇവ സ്ഥാപിക്കുന്നതില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി തേടിയിട്ടാണ് സ്ഥാപിച്ചതെന്നു പൊലീസുകാര്‍ പറയുന്നു.

രാസ ലഹരി ഉപയോഗങ്ങളും കുറ്റകൃത്യവും പെരുകുമ്പോള്‍ അതില്‍ നിന്നു മാറി കായിക ചിന്തകളിലേക്കു യുവതലമുറയെ കൊണ്ടുവരുന്നതു ലക്ഷ്യമിട്ടാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നു സ്ഥലം ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് പറയുന്നു. അതുകൊണ്ടു തന്നെ മേലുദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ല.

ഫുട്‌ബോളാണ് ലഹരി എന്ന സന്ദേശം പകര്‍ന്നു നല്‍കുന്നതാണ് ലക്ഷ്യം. കൂടാതെ ഫുട്‌ബോളാണ് ലഹരി പ്രചാരണത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.