ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശമുണ്ട്; എസ്. രാജേന്ദ്രനെതിരെയുള്ള ഒഴിപ്പിക്കല്‍ നടപടിക്ക് താത്കാലിക സ്റ്റേ

ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശമുണ്ട്; എസ്. രാജേന്ദ്രനെതിരെയുള്ള ഒഴിപ്പിക്കല്‍ നടപടിക്ക് താത്കാലിക സ്റ്റേ

മൂന്നാര്‍: റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ കോടതിയെ സമീപിച്ചു. രാജേന്ദ്രന്റെ ഹര്‍ജിയില്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാജേന്ദ്രന്റെ മൂന്നാര്‍ ഇക്കാനഗറിലെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏഴ് ദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത്.

ദേവികുളം സബ് കളക്ടറുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. സ്വമേധയാ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീടൊഴിയാന്‍ തയ്യാറെല്ലെന്ന നിലപാടിലാണ് രാജേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കുടിയൊഴിപ്പിക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെ അതിജീവിക്കുമെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഇവിടെയുണ്ടെന്നും ആ അവകാശം നിലനിര്‍ത്താന്‍ തനിക്കറിയാമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, രാജേന്ദ്രന് പിന്തുണയുമായി സിപിഐയും രംഗത്തെത്തി. ഇക്കാനഗറിലെ ഒരു വ്യക്തിയേയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ചന്ദ്രപാല്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി നിര്‍ത്തണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജേന്ദ്രന്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമവാര്‍ത്തകള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. രാജേന്ദ്രനെ കുടിയിറക്കുന്നതിന് പിന്നില്‍ എം.എം മണിയാണെന്ന് പറയുന്നത് വാര്‍ത്തയുണ്ടാക്കാന്‍ നടത്തുന്ന പ്രചരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.

രാജേന്ദ്രന്‍ എം.എല്‍.എ. ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ കൈവശമുള്ളത്. ഇത് കൃത്യമായ ലാന്‍ഡ് അസസ്‌മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.