ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ഒരിക്കലും മറക്കില്ലെന്നും അവര്‍ക്ക് മാപ്പു നല്‍കില്ലെന്നും ഇസ്രായേല്‍. മുംബൈ ഭീകരാക്രമണത്തിന്റെ പതിന്നാലാം വാര്‍ഷിക ദിനത്തിലാണ് ഇസ്രായേല്‍ നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നാവോര്‍ ഗിലോണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് മുംബൈ. അതിന്റെ കേന്ദ്ര ഭാഗത്ത് ഉണ്ടായ ഭീകരാക്രമണത്തിന്റെ 14 ാം വാര്‍ഷിക സ്മരണയിലാണ് നാം. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം ഇസ്രായേലും നിലകൊള്ളുന്നു. അത് ഇസ്രായേല്‍ പൗരന്‍മാരും ആക്രമണത്തിന് ഇരകളായതുകൊണ്ടല്ല, മറിച്ച് ഇന്ത്യയും ഇസ്രായേലും വര്‍ഷങ്ങളായി ഭീകരവാദത്തിന്റെ ഇരകളായതുകൊണ്ടാണെന്നും ഗിലോണ്‍ പറഞ്ഞു.
ഒരുമിക്കുകയാണ് ഭീകരവാദത്തെ ചെറുക്കാനുളള ഏക വഴി. ആ ഭയാനകമായ സംഭവം ഒരിക്കലും മറക്കില്ല. ഭീകരവാദത്തിനെതിരെയും ഭീകരവാദത്തിനുളള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുന്നതിനും അന്താരാഷ്ട്ര കോണ്‍ഫറന്‍സ് പോലുളള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇന്ത്യയെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ ഇസ്രയേല്‍ പൗരന്‍മാരായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ഉപാധികളില്ലാത്ത സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. ഭീകരാക്രമണത്തെ അതിജീവിച്ച രണ്ട് വയസുകാരനായിരുന്ന മോഷെ ഹോള്‍സ്ബെര്‍ഗ് എന്ന കുട്ടി ഇന്നും ഇസ്രായേലിന്റെ നൊമ്പരപ്പെടുത്തുന്ന അടയാളമാണ്.
ജൂത ആരാധനാലയമായ ചബാദ് ഹൗസിലെ പുരോഹിതനായിരുന്നു മോഷെയുടെ പിതാവ് ഗവ്രിയേല്‍ ഹോള്‍സ്ബെര്‍ഗ്. നരിമാന്‍ ഹൗസിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഗവ്രിയേലും ഭാര്യ റിവ്കയും ഉണ്ടായിരുന്നു. 2018 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം മോഷെ മുംബൈ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴും മോഷെയെ കണ്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.