അര്‍ജന്റീനയ്ക്ക് വേണ്ടി പകരം വീട്ടി പോളണ്ട്; സൗദിക്ക് തോല്‍വി

അര്‍ജന്റീനയ്ക്ക് വേണ്ടി പകരം വീട്ടി പോളണ്ട്; സൗദിക്ക് തോല്‍വി

ദോഹ: ഗ്രൂപ്പ് സിയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി അറേബ്യക്കെതിരെ രണ്ടാം റൗണ്ടില്‍ മറുപടി നല്‍കി പോളണ്ട്. അര്‍ജന്റനീയുടെ പോസ്റ്റിലേക്ക് രണ്ടു ഗോളുകളാണ് സൗദി അടിച്ചുകയറ്റിയതെങ്കില്‍ അതേയെണ്ണം ഗോള്‍ മടക്കിയാണ് പോളണ്ട് അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്റീനയ്ക്കുവേണ്ടി പ്രതികാരം വീട്ടിയത്. അര്‍ജന്റീനയുടെകൂടി ഭാവി നിര്‍ണയിച്ചേക്കാവുന്ന പോളണ്ട്-സൗദി മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പോളണ്ടിന്റെ ജയം.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിന്‍സ്‌കിയുമാണ് ഗോള്‍ നേടിയത്. പോളിഷ് ആക്രമണക്കടല്‍ ഇരമ്പിത്തുടങ്ങിയതോടെ അര്‍ജന്റീനയെ വരിഞ്ഞുകെട്ടിയ സൗദി പ്രതിരോധം ആടിയുലയുന്ന കാഴ്ച്ചയായിരുന്നു. കോട്ടയില്‍ വിള്ളലുകള്‍ നിരവധി വീണു. അതിലൂടെ മുപ്പത്തിയൊന്‍പതാം മിനിറ്റി സെലിന്‍സ്‌കിയാണ് ആദ്യം നിറയൊഴിച്ചത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ പ്രതിരരോധത്തിലെ പിഴവ് പിടിച്ചെടുത്ത് ലെവന്‍ഡോവ്‌സ്‌കി പട്ടിക തികയ്ക്കുകയും ചെയ്തു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കിയാണ് മത്സരത്തിലെ ഹീറോ. 

അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനമാണ് തുടക്കത്തില്‍ സൗദി ആവര്‍ത്തിച്ചത്. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സൗദി ആക്രമണം തുടങ്ങി. 14ാം മിനിറ്റില്‍ ഒരു അവസരവും സൃഷ്ടിച്ചു. എന്നാല്‍ പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി രക്ഷകനായി. 26ാം മിനിറ്റില്‍ പോളണ്ടിനും ലഭിച്ചു ആദ്യ അവസരം. സെലിന്‍സ്‌കിയുടെ കോര്‍ണറില്‍ നിന്ന് ബീല്‍ക്ക് തൊടുത്തുവിട്ട ഹെഡ്ഡര്‍ അല്‍ ഷെറ്രി ഗോള്‍ലൈനിന് തൊട്ടുമുമ്പ് വച്ച് രക്ഷപ്പെടുത്തി. 39ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. 

ലെവന്‍ഡോസ്‌കിയുടെ സഹായത്തില്‍ സെലിന്‍സ്‌കിയുടെ മനോഹരമായ ഫിനിഷ്. 44ാം മിനിറ്റില്‍ സൗദിക്ക് ഒപ്പമെത്താനുള്ള സുവര്‍ണാവസരമുണ്ടായിരുന്നു. എന്നാല്‍ പെനാല്‍റ്റി മുതലാക്കാന്‍ സലേം അല്‍ദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും ഷെസ്‌നി ഒരിക്കല്‍കൂടി രക്ഷകനായി.

രണ്ടാം പാതിയില്‍ 82ാം മിനിറ്റില്‍ സൗദിക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പോളണ്ട് രണ്ടാം ഗോള്‍ നേടി. ലെവന്‍ഡോസ്‌കിയുടെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്. 90ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ലെവയ്ക്ക് ഗോള്‍ നേടാമായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അദ്ദേഹം നടത്തിയ ചിപ്പ് ഗോള്‍ശ്രമം ഫലം കണ്ടില്ല. സൗദി ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വര കടത്താനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.