ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോക്കെതിരെ അര്‍ജന്റീനക്ക് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മെസിയും പകരക്കാരനായി ഇറങ്ങിയ എന്‍സോ ഫെര്‍ണണ്ടസുമാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. 87ാ മിനിട്ടിലാണ് ഫെര്‍ണണണ്ടസ് വല കുലുക്കിയത്. വിജയിച്ചതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിർത്തി. ഇനി ഡിംസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു അവസാനിച്ചത്. ആദ്യ 30 മിനിട്ടില്‍ അര്‍ജന്റീനക്ക് ഗോളിനുള്ള ഒരു ശ്രമം പോലും നടത്താനായില്ല. 34ാം മിനിട്ടില്‍ മെസിയെടുത്ത ഫ്രീകിക്ക് മെക്‌സിക്കോ ഗോള്‍ കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ തട്ടിയകറ്റി. 22ാം മിനിട്ടില്‍ മെക്സിക്കോയുടെ നെസ്റ്റര്‍ അരാഹോയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.
അര്‍ജന്റീന 4-2-3-1 ഫോര്‍മാറ്റിലും മെക്‌സിക്കോ 3-5-2 ഫോര്‍മാറ്റിലുമാണ് കളത്തിൽ ഇറങ്ങിയത്. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അകുന, നഹ്വെല്‍ മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മോണ്‍ഡിയല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്സിസ് മാക് അല്ലിസ്റ്റര്‍ എന്നിവരെയായിരുന്നു ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നത്.
മെസിയുടെ 21ാം ലോകകപ്പ് മത്സരമായിരുന്നു ഇന്നലത്തെത്. ഇതോടെ ഇത്രതന്നെ ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനക്കായി കളത്തിലിറങ്ങിയ ഇതിഹാസ താരം മറഡോണക്കൊപ്പമെത്താന്‍ മെസിക്കായി.
മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. ഇതുവരെ ഏഴ് ഗോളുകളാണ് താരം നേടിയത്. 2006 മുതലുള്ള ലോകകപ്പില്‍ മെസിയുടെ സാന്നിധ്യമുണ്ട്. ഇതില്‍ 2010ലെ ലോകകപ്പിലൊഴികെ എല്ലാ ലോകകപ്പിലും ഗോള്‍നേടാന്‍ മെസിക്കായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.