മെക്സിക്കന്‍ തിരമാലകള്‍ക്കിടയിലൂടെ തല ഉയർത്തി നിന്ന് ഫുട്ബോള്‍ ചക്രവർത്തി ലോകത്തിന് നല്‍കുന്ന സന്ദേശം ഇതാണ്. അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മുക്തരായി തിരിച്ചുവരാന്‍ ഒരു ചാമ്പ്യന്‍ ടീമിന് മാത്രമെ സാധിക്കൂ. തങ്ങള്‍ ചാമ്പ്യന്‍മാരാണ്.
കിരീടം നേടാന്‍ ഏറ്റവും അധികം സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നായി ഖത്തറില്‍, 36 മത്സരങ്ങളില്‍ തുടർച്ചയായി തോല്‍വി അറിയാത്തതിന്‍റെ ആത്മവിശ്വാസം, ഏത് അപകടഘട്ടത്തിലും രക്ഷയ്ക്ക് എത്തുന്ന ഫുട്ബോള്‍ മിശിഹാ മെസിയുടെ ആവേശകരമായ സാന്നിദ്ധ്യം. ലോകമെങ്ങുമുളള ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയും പ്രതീക്ഷയും. സൗദി അറേബ്യയെപ്പോലൊരു ടീമിനെ ആദ്യ മത്സരത്തില്‍ മറികടക്കാന്‍ ഈ ഘടകങ്ങള്‍ ധാരാളമായിരുന്നു.എന്നാല്‍ സൗദിയില്‍ നിന്നേറ്റത് കനത്ത ആഘാതം. നിർണായകമായ മത്സരത്തില്‍ നേരിടുന്നത് പോരാളികളായ മെക്സിക്കോയെ. ഏത് ടീമും സമ്മർദ്ദത്തിന് അടിപ്പെട്ടു പോകുന്ന മത്സരാന്തരീക്ഷം. ആദ്യ പകുതിയാണെങ്കില്‍ ഗോള്‍ രഹിതം. എന്നാല്‍ രണ്ടാം പകുതി കണ്ടത് മെക്സിക്കന്‍ ഗോള്‍മുഖത്ത് തുടരെ ആക്രമണങ്ങള്‍ നടത്തുന്ന അർജന്‍റീനിയന്‍ താരങ്ങളെയായിരുന്നു.
പന്ത് കൈവശം വയ്ക്കുന്നതില്‍ മാത്രമല്ല, പാസുകളുടെ എണ്ണത്തിലും കൃത്യതയിലും അർജന്‍റീന ബഹുദൂരം മുന്നില്‍ നിന്നു. ഈ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ അർജന്‍റീനയുടെ പരിശീലകന്‍ ലയണല്‍ സ്കെലോണി നടത്തിയ മാറ്റങ്ങളെല്ലാം ഗുണം ചെയ്തു. ലവ്റ്റാറോ മാർട്ടിനെസ്, ഗോണ്‍സാലോ മോണ്‍ടെല്‍, മാക് അലിസ്റ്റെർ, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം സ്കെലോണി മാറ്റി. അത്തരത്തില്‍ 57 ആം മിനിറ്റില്‍ അദ്ദേഹം സബസ്റ്റിറ്റ്യൂട്ട് ചെയ്ത 21 കാരന്‍ ഹെന്‍സോ ഫെർണാണ്ടസ് ആണ് 87 ആം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയത്. അർജന്‍റീനയുടെ പകരക്കാരുടെ സ്ക്വാഡ് മികവുറ്റതാണ് എന്ന വസ്തുതയാണ് ഇതോടെ ഉറപ്പിക്കുന്നത്. മാത്രമല്ല, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ സീനിയർ താരങ്ങള്‍ക്കൊപ്പം വേഗതയും കരുത്തും ഒരു പോലെ സമന്വയിക്കുന്ന ഫെർണാണ്ടസിനെപ്പോലെയുളള താരങ്ങള്‍ കളിക്കുന്നത് ടീമിന്‍റെ കിരീടത്തിലേക്കുളള യാത്രയില്‍ പുതിയ ദിശാബോധം നല്‍കും.
മറ്റ് ചില പ്രധാന നേട്ടങ്ങള്‍ കൂടി പരാമർശിക്കേണ്ടതുണ്ട്. ലോക കപ്പുകളിലെ എല്ലാ മത്സരങ്ങളിലും മെക്സിക്കോയെ പരാജയപ്പെടുത്താന്‍ അർജന്‍റീനയ്ക്ക് കഴിഞ്ഞു. 1930, 2006, 2010 വർഷങ്ങളിലെ ലോക കപ്പുകളിലും വിജയം അർജന്‍റീനയ്ക്കൊപ്പം നിന്നു. നേർക്കുനേർ പോരാട്ടത്തില്‍ കഴിഞ്ഞ 5 മത്സരങ്ങളിലും വിജയം ലാറ്റിനമേരിക്കന്‍ ടീമിനൊപ്പമായിരുന്നു.മെക്സിക്കോയ്ക്ക് എതിരെ നേടിയ ഗോളോടെ ലോക കപ്പില്‍ അർജന്‍റീനയ്ക്ക് വേണ്ടി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ലോകത്തിലെ ഏക്കാലത്തേയും മികച്ച ഫുട്ബോളർ ഡീഗോ മറഡോണയുടെ റെക്കോർഡിനൊപ്പമെത്താന്‍ മെസിക്ക് കഴിഞ്ഞു. ഇരുവരും നേടിയത് എട്ട് ഗോളുകള്‍. 10 ഗോളുകള്‍ നേടിയ ബാറ്റിസ്റ്റ്യൂട്ട മാത്രം മുന്നില്‍.
ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മെസി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതമില്ല. മെസിയെപ്പോലെ ഇത്രയധികം അസിസ്റ്റുകള്‍ നല്‍കുന്ന ലോകത്തോര താരങ്ങള്‍
വേറെയില്ല എന്നുളളതാണ് യഥാർത്ഥ്യം. അദ്ദേഹത്തിന്‍റെ സമകാലികരായ മറ്റ് ഫുട്ബോള്‍ താരങ്ങളുടെ അസിസ്റ്റ് റെക്കോർഡ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അർജന്‍റീനയുടെ പ്രതിരോധം അത്ര ഭദ്രമാണെന്ന് പറയാനാകില്ല. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ പിഴവുകള്‍ ഉണ്ടായെങ്കിലും അത് മുതലാക്കാന്‍ മെക്സിക്കോയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അർജന്‍റീനയ്ക്ക് സാധിക്കുകയും ചെയ്തു. ആക്രമണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പ്രതിരോധം ദുർബലമാകുന്നുവെന്നതായിരുന്നു പരമ്പരാഗതമായി മിക്ക ലാറ്റിനമേരിക്കന്‍ ടീമുകളും നേരിട്ട വിമർശനം. മറ്റൊരർത്ഥത്തില്‍ പറഞ്ഞാല്‍ എത്ര ഗോളുകള്‍ വഴങ്ങിയാലും അതിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ തിരിച്ചടിക്കുമെന്ന ആത്മവിശ്വാസവും അത് യാഥാർത്ഥ്യമാക്കാനുളള വൈദഗ്ധ്യവുമായിരുന്നു ലാറ്റിനമേരിക്കന്‍ ടീമുകളുടെ കരുത്ത്. യൂറോപ്യന്‍ ഫുട്ബോള്‍ സാങ്കേതികയുടെ ആധിപത്യത്തോടെ ഈ രീതിയ്ക്ക് കാതലായ മാറ്റം വന്നിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ താരങ്ങള്‍ യൂറോപ്യന്‍ ലീഗുകള്‍ കളിക്കുന്നതും ഇതിന് ഒരു കാരണമാണ്. മത്സരാന്തം മനസില്‍ നിറയുന്നത് മെസി മാത്രം. തന്‍റെ ടീം അഗാധമായ പ്രതിസന്ധി നേരിടുമ്പോള്‍ നിസ്വാർത്ഥമായി ആത്മാർപ്പണത്തോടെ രക്ഷകനായി എത്തുന്ന മെസി. 2014 ലെ ലോക കപ്പില്‍ ഇറാനെതിരെ ഗോള്‍ നേടിയ ശേഷമുളള മെസിയുടെ ചെറുപുഞ്ചിരി ഖത്തറിലും വിരിഞ്ഞു. ഞങ്ങള്‍ കൃതാർത്ഥരാണ്. . മെസി, നിങ്ങളില്ലാതെ ഈ ഫുട്ഗോളത്തിന് പൂർണതയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.