പാല്‍ വില വര്‍ധന: മായം കലര്‍ന്ന പാലിന്റെ വരവ് തടയാന്‍ കഴിയും; മുഴുവന്‍ പ്രയോജനവും കര്‍ഷകര്‍ക്കെന്ന് മന്ത്രി ചിഞ്ചുറാണി

പാല്‍ വില വര്‍ധന: മായം കലര്‍ന്ന പാലിന്റെ വരവ് തടയാന്‍ കഴിയും; മുഴുവന്‍ പ്രയോജനവും കര്‍ഷകര്‍ക്കെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പാല്‍ വില വര്‍ധനയുടെ മുഴുവന്‍ പ്രയോജനം കര്‍ഷകര്‍ക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലര്‍ന്ന പാല്‍ എത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ ക്ഷീര മേഖലയില്‍ നിന്ന് പിന്‍മാറുന്നത് തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് ആരംഭിക്കുന്നത്. പുല്‍ കൃഷി വ്യാപകമാക്കാനും മുതലമടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചോളകൃഷി കേരളത്തില്‍ വ്യാപകമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കാലിത്തീറ്റ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നതിനായി സെലക്ട് കമ്മറ്റിക്ക് രൂപം നല്‍കി.

മായം കലര്‍ന്ന പാല്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കാല്‍സ്യക്കുറവ് മൂലം തളര്‍ന്ന് വീഴുന്ന പശുക്കള്‍ക്ക് ചികിത്സ നല്‍കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മില്‍മ പാലിന് ഡിസംബര്‍ ഒന്ന് മുതലാണ് വില കൂടുന്നത്. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. പാല്‍ വില 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.