എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഫുള്ളറുടെ കിടിലന്‍ ഷോട്ട്: ജപ്പാന്റെ മോഹങ്ങള്‍ക്ക് തടയിട്ട് കോസ്റ്ററിക്ക

എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഫുള്ളറുടെ കിടിലന്‍ ഷോട്ട്: ജപ്പാന്റെ മോഹങ്ങള്‍ക്ക് തടയിട്ട് കോസ്റ്ററിക്ക

ദോഹ: ജര്‍മനിയെ അട്ടിമറിച്ചെത്തിയ ഏഷ്യന്‍ കരുത്തരായ ജപ്പാനെ കോസ്റ്ററിക്ക വീഴ്ത്തി. ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കോസ്റ്ററിക്ക ജപ്പാനെ കീഴടക്കിയത്. കളിയുടെ 82ാം മിനിറ്റിലാണ് കോസ്റ്ററിക്ക വിജയ ഗോള്‍ കണ്ടെത്തിയത്. ജപ്പാന്‍ പ്രതിരോധത്തില്‍ വരുത്തിയ പിഴവ് കൃത്യമായി മുതലെടുത്ത് കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയ്ക്ക് വിജയ ഗോള്‍ നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ വമ്പന്‍ പരാജയമേറ്റു വാങ്ങിയാണ് കോസ്റ്ററിക്ക രണ്ടാം മത്സരത്തിനിറങ്ങിയത്. അതിന്റെ സമ്മര്‍ദ്ദവും അവര്‍ക്കുണ്ടായിരുന്നു. മറുഭാഗത്ത് ജപ്പാനാകട്ടെ ഫുട്‌ബോള്‍ ശക്തിയായ ജര്‍മനിയെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലുമായിരുന്നു.

എന്നാല്‍ സ്‌പെയിനിനോട് കളിച്ച കോസ്റ്ററിക്കയായിരുന്നില്ല രണ്ടാം മത്സരത്തില്‍ കണ്ടത്. മികച്ച പാസിങും പന്തടക്കവും അവര്‍ കളത്തില്‍ പുറത്തെടുത്തു. മറുഭാഗത്ത് ജപ്പാന്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയില്ല. ആദ്യ പകുതി ഗോള്‍ രഹിതമായാണ് പിരിഞ്ഞത്.

രണ്ടാം പകുതിയില്‍ പക്ഷേ ജപ്പാന്റെ കളിക്ക് വേഗവും കൃത്യതയും കണ്ടു. തുടര്‍ച്ചയായി അവര്‍ കോസ്റ്ററിക്കന്‍ ഭാഗത്തേക്ക് ആക്രമണം അഴിച്ചു വിട്ടു. എന്നാല്‍ ജപ്പാന്റെ എല്ലാ ശ്രമങ്ങളും കോസ്റ്ററിക്കന്‍ പ്രതിരോധ മതിലില്‍ തട്ടിത്തകര്‍ന്നു.

ഇതിനിടെ ജപ്പാന്‍ പ്രതിരോധം വരുത്തിയ പിഴവിന്റെ വലിയ വിലയായിരുന്നു കോസ്റ്ററിക്കയുടെ ഗോള്‍. ഫുള്ളറുടെ കിടിലന്‍ ഷോട്ട് ജപ്പാന്‍ ഗോളി തടുക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ ഗ്ലൗവില്‍ തട്ടി പന്ത് വലയിലേക്ക് കയറി.

അവസാന ഘട്ടത്തില്‍ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ജപ്പാന് ലഭിച്ചു. കോസ്റ്ററിക്കന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലില്‍ ജപ്പാന്റെ ഗോള്‍ കാസ്റ്ററിക്കന്‍ ശ്രമം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ കെയ്‌ലര്‍ നവാസ് അവിശ്വസനീയമാം വിധം തട്ടിയകറ്റി. പിന്നീടൊരു ശ്രമം കൂടി ജപ്പാന്‍ താരങ്ങള്‍ നടത്തിയെങ്കിലും നവാസ് അതും സേവ് ചെയ്തു. അതോടെ ജപ്പാന്റെ മോഹങ്ങള്‍ പൊലിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.