മുന്‍ ചാമ്പ്യന്മാര്‍ക്കും അട്ടിമറി ദുരന്തം; മൊറോക്കോയുടെ അറ്റാക്കിങില്‍ നിലംപൊത്തി ബെല്‍ജിയം

മുന്‍ ചാമ്പ്യന്മാര്‍ക്കും അട്ടിമറി ദുരന്തം; മൊറോക്കോയുടെ അറ്റാക്കിങില്‍ നിലംപൊത്തി ബെല്‍ജിയം

ദോഹ: മുന്‍ ചാമ്പ്യന്‍മാരും ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനത്തുമുള്ള ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ. മത്സരത്തിന്റ അവസാന മിനിറ്റുകള്‍ വരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിട്ട ശേഷമായിരുന്നു കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന്റെ ഗോള്‍ വലയിലേക്ക് എണ്ണംപറഞ്ഞ രണ്ട് ഗോളുകള്‍ മൊറോക്കോ നിറച്ചത്. ഇതോടെ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ മൊറോക്കോ നിലനിര്‍ത്തി.

ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച മൊറോക്കോ ഇതോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായി. ഇനി കാനഡയുമായാണ് അവരുടെ കളി. ബെല്‍ജിയത്തിന് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന്റെ അടുത്ത എതിരാളി മുന്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ്.

ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരം ചൂടുപിടിച്ചത് രണ്ടാം പകുതിയിലായിരുന്നു. 73-ാം മിനിറ്റില്‍ അബ്ദുള്‍ഹമീദ് സാബിരിയാണ് ഫ്രീകിക്കിലൂടെ ബെല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടി. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ബെല്‍ജിയവും നടത്തി. പക്ഷെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മൊറോക്കോയുടെ ഹക്കീം സിയെച്ചിന്റെ മികച്ചൊരു അറ്റാക്കിങ് റണ്‍ ബെല്‍ജിയത്തിന്റെ ഗോള്‍വലയിലേക്ക് രണ്ടാം ഗോളും നിറച്ചു.

ആദ്യ പകുതിയില്‍ ഇരു ടീമുകളുടെ ഭാഗത്തു നിന്നും കാര്യമായ മുന്നേറ്റങ്ങളുണ്ടായിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തില്‍ പന്തടക്കത്തില്‍ ബെല്‍ജിയത്തിനായിരുന്നു ആധിപത്യമെങ്കിലും പിന്നീട് മൊറോക്കോ പതിയെ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. ബെല്‍ജിയം മിച്ചി ബാറ്റ്ഷുവായിയിലൂടെ മാത്രം മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ മൊറോക്കോ താരങ്ങളായ ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും ബെല്‍ജിയം ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ പുറത്തെടുത്തു.

കിക്കോഫിന് തൊട്ടുമുമ്പ് ഗോള്‍കീപ്പറെ മാറ്റിയാണ് മൊറോക്കോ കളത്തിലിറങ്ങിയത്. യാസിന്‍ ബൊനൊയെ ടീം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് മൊറോക്കോ ടീം ദേശീയ ഗാനത്തിനായി കളത്തിലിറങ്ങിയത്. ടീമിനൊപ്പം ദേശീയ ഗാനം ആലപിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമെല്ലാം ബൊനൊ ഉണ്ടായിരുന്നു. എന്നാല്‍ കിക്കോഫിന് തൊട്ടുമുമ്പ് താരത്തെ മാറ്റി മുനിര്‍ മുഹമ്മദിയെ മൊറോക്കോ കളത്തിലിറക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.