ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിനും തൊഴിലിനും പാസ്‌പോര്‍ട്ടിനും അടക്കം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 1969 -ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. പൊതുജനാഭിപ്രായം തേടി ബില്ലിന്റെ കരട് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മറ്റും ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് മാറ്റങ്ങളോടെയാകും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അടുത്ത മാസം ഏഴിന് ശീതകാല സമ്മേളനം ആരംഭിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടവകാശം, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, പൊതുമേഖലയിലെയും തദ്ദേശ സര്‍ക്കാര്‍ വകുപ്പുകളിലെയും തൊഴില്‍ നിയമനങ്ങള്‍ എന്നിവയ്ക്കെല്ലാം ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ബില്ലില്‍ പറയുന്നു.
നിലവിലെ നിയമത്തില്‍ത്തന്നെ ജനനവും മരണവും രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സ്‌കൂള്‍ പ്രവേശനം പോലെയുള്ള അടിസ്ഥാന സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ജനനത്തിലും മരണത്തിലും ആശുപത്രികളില്‍ നിന്ന് ബന്ധുക്കള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അതാത് ഇടങ്ങളിലെ രജിസ്ട്രാര്‍ക്കു നല്‍കേണ്ടത് നിര്‍ബന്ധമാക്കും. സമയാസമയം വിവരം നല്‍കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് പിഴ ചുമത്തും. മുമ്പ് 50 രൂപയായിരുന്ന പിഴ ആയിരമാക്കി. രജിസ്റ്റര്‍ ഓഫീസുകളില്‍ ലഭിക്കുന്ന ഈ വിവരങ്ങള്‍ കേന്ദ്ര തലത്തില്‍ സൂക്ഷിക്കും. ഇതുവഴി പുറം ഇടപെടലുകളില്ലാതെ തന്നെ 18 വയസായാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും വ്യക്തി മരിച്ചാല്‍ പേരു നീക്കാനും ആകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.