യുഎന്‍ ആസ്ഥാനത്ത് ഗാന്ധി പ്രതിമ; സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ലഭിച്ചതിന് ഇന്ത്യയുടെ സമ്മാനം

യുഎന്‍ ആസ്ഥാനത്ത് ഗാന്ധി പ്രതിമ; സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ലഭിച്ചതിന് ഇന്ത്യയുടെ സമ്മാനം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാന മന്ദിരത്തില്‍ ഇതാദ്യമായി മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്ന വേളയിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ലഭിച്ചത് ഒരു അംഗീകാരമായി കണ്ട് ഇന്ത്യയാണ് സമ്മാനമായി ഗാന്ധി പ്രതിമ നല്‍കുന്നത്.

ഡിസംബര്‍ 14 ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുക. യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും രക്ഷാ സമിതിയിലെ 15 അംഗരാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്നതിനാണ് അടുത്ത മാസം ജയശങ്കര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്.

യു.എന്‍ ആസ്ഥാനത്തിന്റെ വടക്കു ഭാഗത്തുള്ള പുല്‍ത്തകിടിയിലാണ് ഇന്ത്യയുടെ സമ്മാനമായ പ്രതിമയുടെ സ്ഥാനം. പത്മശ്രീ പുരസ്‌കാര ജേതാവും സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശില്‍പിയുമായ റാം സുത്താറാണു ശില്‍പി.

ലോക രാജ്യങ്ങള്‍ നല്‍കുന്ന ശില്‍പങ്ങളും കലാസൃഷ്ടികളും യു.എന്‍ ആസ്ഥാന മന്ദിരത്തില്‍ സ്ഥാപിക്കാറുണ്ട്. ജര്‍മനി നല്‍കിയ ബര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്ക നല്‍കിയ നെല്‍സണ്‍ മണ്ടേലയുടെ പ്രതിമ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്ളതാണ്. കരിങ്കല്ലില്‍ തീര്‍ത്ത സൂര്യശില്‍പമാണ് മുന്‍പ് ഇന്ത്യ നല്‍കിയിട്ടുള്ളത്. 1982 ജൂലൈ 26ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇതു നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.