കുവൈറ്റ് സിറ്റി: എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്നു ചിന്തിക്കുന്ന മനുഷ്യരോട് കർത്താവ് പറയുകയാണ്, "നിങ്ങൾ അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടി നിങ്ങൾക്ക് എല്ലാം കിട്ടും." നമ്മുടെ ജീവിതത്തിനാവശ്യമായതു നൽകുവാൻ തക്കവണ്ണം വലിയവനും വല്ലഭനുമായിട്ടുള്ള ദൈവത്തിലുള്ള വിശ്വാസത്തിൻ്റെ പ്രകടനമാണ് നമുക്കുള്ളതു മുറിച്ചു നൽകുവാൻ നമ്മുടെ ജീവിതത്തെ പ്രാപ്തരാക്കുന്നതെന്ന് മാർത്തോമ മെത്രാപ്പോലീത്താ ഡോ.തിയോഡോഷ്യസ് അഭിപ്രായപ്പെട്ടു. കുവൈറ്റ് സിറ്റി മാർത്തോമ ഇടവകയുടെ 59 മത് ഇടവകദിനാഘോഷവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്താ.
കർത്താവ് കാൽവരി കുരിശിൽ തൻ്റെ ശരീരം മുറിച്ചതു പോലെ നമ്മുടെ ക്രിസ്തീയ ജീവിതം മുറിക്കപ്പെടാനുള്ളതാണെന്നും ആ മുറിവിൽക്കൂടിയാണ് ജീവദായകമായ പ്രവർത്തനങ്ങളിൽ നാം ഉത്സുകരായി തീരേണ്ടതെന്നും മെത്രാപ്പോലീത്താ ഓർമ്മിപ്പിച്ചു.
ഓരോ ഇടവകയും ദൈവത്താൽ വിളിച്ചു വേർതിരിക്കപ്പെട്ട വിശ്വാസികളുടെ സമൂഹമാണ്. വജ്രജൂബിലി ആഘോഷവേളയിൽ വേറിട്ട് നിൽക്കുന്നവരെയും, ആരാധനയിലൂടെ കൂട്ടിക്കൊണ്ടുവരുവാൻ എല്ലാവരും ബദ്ധശ്രദ്ധരായിരിക്കണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
കുവൈറ്റ് സിറ്റി മാർത്തോമ ഇടവക വികാരി റവ. എ.റ്റി സഖറിയാ അദ്ധ്യക്ഷനായിരുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ നിഷേധാത്മകമായ ചിന്തകളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ ദൈവകൃപയിൽ ശരണപ്പെട്ടു കൊണ്ട് ദൈവകൃപയുടെ ഒരു വലിയ മഴ പെയ്ത്ത് നമ്മുടെ ഇടയിൽ ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വജ്ര ജൂബിലിയുടെ തീം ആയ "ആരാധനയിലൂടെ ആരോഹണം" എന്നു നാം പറയുമ്പോൾ സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്ര മാത്രമല്ല നാം ഉദ്ദേശിക്കുന്നത് മറിച്ച് നമ്മുടെ ചുറ്റുമുള്ള സഹജീവികളോടുള്ള മനോഭാവങ്ങളിലും ചിന്തകളിലുമൊക്കെ ഒരു ഉപരിയാത്ര സാദ്ധ്യമാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇടവക സെക്രട്ടറിയും വജ്ര ജൂബിലിക്കമ്മിറ്റി കൺവീനറുമായ ലാജി ജേക്കബ് ഇടവക റിപ്പോർട്ടും ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളിൽ ചെയ്യുവാൻ ഉദ്ദേശിക്കന്ന പരിപാടികളും വിശദീകരിച്ചു. റവ. ജിജി മാത്യൂ, റവ. പ്രമോദ് മാത്യൂ തോമസ്, റവ. ജോൺ തോമസ്, NECK സെക്രട്ടറി റോയി യോഹന്നാൻ, മാർത്തോമ കൗൺസിൽ മെമ്പർ മനോജ് മാത്യൂ, അഡ്വ.പി ജോൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
വജ്ര ജൂബിലി ലോഗോ സിസൈൻ ചെയ്ത ബാബു ജോസഫ്, ജൂബിലി ഗാനം എഴുതി ചിട്ടപ്പെടുത്തിയ വിനോദ് ടി ജേക്കബ് എന്നിവരെ മെമേൻ്റോ നൽകി ആദരിച്ചു. മുതിർന്ന അംഗങ്ങൾ, പത്തിലും പന്ത്രണ്ടിലും, ഉയർന്ന മാർക്ക് വാങ്ങിയവർ, ബൈബിൾ ക്വിസ് വിജയികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മാർത്തോമ കുവൈറ്റ് സിറ്റി ഇടവക വൈസ് പ്രസിഡൻ്റ് ജോൺ എബ്രഹം സ്വാഗതവും ട്രസ്റ്റി അബു ജോർജ് നന്ദിയും പറഞ്ഞു. ജിബി തരകൻ, സാറാമ്മ ജേക്കബ് ജോർജ് എന്നിവർ വിശുദ്ധ ഗ്രന്ഥ വായന നടത്തി. ഫിലിപ്പ് വർഗ്ഗീസും, ആൻ സാറാ ലിജുവും പരിപാടികളുടെ അവതാരകരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.