ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി; ജുഡീഷ്യല്‍ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് മുന്നറിയിപ്പ്

ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി; ജുഡീഷ്യല്‍ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ തീരുമാനം എടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു. കൊളീജിയം ശുപാര്‍ശകളില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവയൊണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശങ്ങളെയും ശക്തമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രിയുടെ പേരു പരാമര്‍ശിക്കാതെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം എടുക്കുന്നതിനു മൂന്നംഗ ബെഞ്ച് നേരത്തേ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമം സുപ്രീം കോടതി റദ്ദാക്കിയതിനുശേഷമാണു കൊളീജിയം ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വൈകാന്‍ തുടങ്ങിയത്. കൊളീജിയം സംവിധാനമാണ് നിലവില്‍ രാജ്യത്തെ നിയമം. അതനുസരിച്ചു കാര്യങ്ങള്‍ നടപ്പാക്കണം. ഈ പ്രതിസന്ധി ഉടന്‍ പരിഹരിക്കണം. അല്ലെങ്കില്‍ ജുഡീഷ്യല്‍ തീരുമാനം എടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും.

ശുപാര്‍ശകളിലെ ചില പേരുകള്‍ ഒന്നര വര്‍ഷമായി തീരുമാനം ആകാതെ കിടക്കുകയാണ്. നാലു മാസമായി തീരുമാനം ആകാത്തവ നിരവധിയാണ്. പട്ടികയില്‍നിന്ന് ചില പേരുകള്‍ എടുത്ത് നിങ്ങള്‍ നിയമനം നടത്തുന്നു. മറ്റു പേരുകളില്‍ തീരുമാനം ആകുന്നില്ല. സീനിയോരിറ്റിയെ മറികടക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു.

ദേശീയ ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രം അടയിരിക്കുകയാണെന്ന് ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ലെന്നായിരുന്നു അഭിമുഖത്തില്‍ റിജിജു പറഞ്ഞത്. കൊളീജിയം അയയ്ക്കുന്ന ശുപാര്‍ശകളില്‍ എല്ലാം സര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്നു കരുതരുത്. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ഇവ അംഗീകരിക്കാന്‍ കഴിയൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.