സില്‍വര്‍ലൈന്‍ മരവിപ്പിച്ചെങ്കിലും സ്ഥലം കുരുക്കില്‍ തന്നെ വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ കഴിയാതെ ഉടമകള്‍

സില്‍വര്‍ലൈന്‍ മരവിപ്പിച്ചെങ്കിലും സ്ഥലം കുരുക്കില്‍ തന്നെ വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ കഴിയാതെ ഉടമകള്‍

തിരുവനന്തപുരം: സ്വപ്നപദ്ധതിയെന്ന നിലയിൽ പിടിവാശിയോടെ നടപ്പാക്കാൻ പുറപ്പെട്ട സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെങ്കിലും കുറ്റി നാട്ടിയ സ്ഥലം ഉടമകൾ കുരുക്കിൽ തന്നെ. പദ്ധതി ഉപേക്ഷിച്ചതായുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങും വരെ പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്.

പദ്ധതി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കാൻ ഇപ്പോഴും സർക്കാർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് സർവേ നടത്താനായി കല്ലിടാൻ തിരഞ്ഞെടുത്ത 955.13 ഹെക്ടർ ഭൂമി ഉടമകൾ ആശങ്കയിലായിരിക്കുന്നത്. 197കിലോമീറ്ററിൽ ഏഴായിരത്തോളം മഞ്ഞക്കല്ലുകളാണ് കെ-റെയിൽ സ്ഥാപിച്ചത്.

ഭൂമി വിൽക്കുകയോ ഈട് വച്ച് വായ്പയെടുക്കുകയോ അനന്തരാവകാശികൾക്ക് കൈമാറുകയോ ചെയ്യുന്നതിൽ തടസമില്ലെന്ന് കെ-റെയിൽ വ്യക്തമാക്കുമ്പോഴും പദ്ധതി ഉപേക്ഷിച്ച് സർക്കാർ ഉത്തരവിറക്കും വരെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകാൻ സാധ്യതയില്ല.

സർവേ നടത്തിയെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്ട്രാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ ഈ ഉത്തരവുകളൊന്നും പരിഗണിക്കപ്പെടില്ലെന്ന മുൻ അനുഭവമാണ് ഉടമകളെ ആശങ്കയിലാക്കുന്നത്.

ഭൂമി ഏറ്റെടുക്കലിനു നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദ്ദേശം നൽകി. എന്നാൽ കല്ലിടൽ തടഞ്ഞ ആയിരത്തിലേറെ പേർക്കെതിരെയുള്ള ക്രിമിനൽ കേസ് പിൻവലിക്കില്ലെന്ന കാര്യത്തിൽ സർക്കാർ ഇപ്പോഴും പിടിവാശിയിലാണ്. ഫലത്തിൽ കേസിന്റെ കുരുക്കും സർവേ വിജ്ഞാപനത്തിന്റെ പേടിയും ജനങ്ങളെ വിട്ടൊഴിയില്ല.

11ജില്ലകളിലായി 250ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാവുമായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുപോലും സർക്കാർ വഴങ്ങുന്നില്ല.

പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലാവുന്നവർ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവെക്കേണ്ടി വരും. കല്ലൊന്നിന് 5000രൂപ വരെയാണീടാക്കുക. 200പേർക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടുണ്ട്.

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 5000മുതൽ 10,000വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളും പ്രതികളാണ്. പൊതുമുതൽ നശിപ്പിച്ച കേസുകളിൽ കുറ്റപത്രം നൽകും. അറസ്റ്റ്, റിമാൻഡ് നടപടികളുണ്ടാവില്ല. പിന്നീട് കേസ് പിൻവലിക്കണോയെന്ന് സർക്കാരിന് തീരുമാനിക്കാം.

48.23 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ ഇതുവരെ ചിലവാക്കിയത്. ഇതിൽ കൺസൾട്ടൻസി ഫീസായി 20.83കോടിയും ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി 20.5കോടിയും ചിലവാക്കി. 

കെ-റെയിലിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാരും ഇടത് നേതാക്കളും ആവർത്തിക്കുന്നത് കെ-റെയിൽ എന്ന കമ്പനിയെ നിലനിർത്തുമെന്ന അർഥത്തിലാണ്. റെയിൽവേയുമായി ബന്ധപ്പെട്ട് മറ്റു പദ്ധതികൾ ഉള്ളതിനാൽ കെ- റെയിൽ ഓഫീസ് തുടരും. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം, ശബരി പാത, തലശേരി- മൈസൂർ പാത തുടങ്ങിയവയുടെ ഡി.പി.ആർ തയ്യാറാക്കൽ ചുമതലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.