ദോഹ: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഉറുഗ്വായെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിൽ. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ വിജയം. പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടുഗോളുകളും നേടിയത്. പ്രീക്വാര്‍ട്ടറിൽ പ്രവേശിക്കണമെങ്കിൽ ഉറുഗ്വായ്ക്കിനി അടുത്ത മത്സരം ജയിക്കണം.
തുല്യശക്തികളുടെ പോരാട്ടത്തില്‍ കരുതലോടെയാണ് ടീമുകള്‍ തുടങ്ങിയത്. പതിയെ ഇരുവരും ആക്രമിച്ചുകളിക്കാന്‍ തുടങ്ങി. 12-ാം മിനിറ്റില്‍ ഉറുഗ്വായ പ്രതിരോധനിരക്കാരന്‍ ജിമിനസ്സ് ഉഗ്രന്‍ ഹെഡ്ഡറുതിര്‍ത്തു. പക്ഷേ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നീട് പോര്‍ച്ചുഗല്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 18-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയെടുത്ത ഫ്രീകിക്ക് ഉറുഗ്വായൻ പ്രതിരോധമതിലില്‍ തട്ടി പുറത്തേക്ക് പോയി.
32-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഉറുഗ്വായ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ഉറുഗ്വായൻ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബെന്റന്‍ക്കര്‍ തൊടുത്തുവിട്ട ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ സേവ് ചെയ്തു. ഉറുഗ്വായ ഗോളടിക്കാന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല.
മറുവശത്ത് ക്രിസ്റ്റിയാനോയും യുറഗ്വായയുടെ പെനാലിറ്റി ബോക്‌സില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. ഇടത് വിങ്ങില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്. ആദ്യം ഗോള്‍ ക്രിസ്റ്റിയാനോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി ഫിഫ ഗോള്‍ സ്‌കോറര്‍ ബ്രൂണോ ഫെര്‍ണാണ്‍സാണെന്ന് അറിയിക്കുകയായിരുന്നു.
ലീഡെടുത്തതിന് ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. റൂബന്‍ നെവസിന് പകരം റാഫേല്‍ ലിയോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ക്ക് ശക്തി കൂട്ടിയത്. സമനിലയ്ക്കായി ഉറുഗ്വായും മുന്നേറിക്കൊണ്ടിരുന്നു. സൂപ്പര്‍താരം സുവാരസിനേയും മാക്‌സി ഗോമസിനേയും ഉറുഗ്വായ മൈതാനത്തിറക്കി. 75-ാം മിനിറ്റില്‍ മാക്‌സി ഗോമസിന്റെ ഉഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റുകളില്‍ സുവാരസിനും അരസ്‌കാറ്റയ്ക്കും പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് മികച്ച അവസരങ്ങള്‍ കിട്ടി.
പോര്‍ച്ചുഗീസ് പ്രതിരോധത്തെ പിളര്‍ന്ന് വാല്‍വെര്‍ദേ നല്‍കിയ പാസ് സ്വീകരിച്ച് അരസ്‌കാറ്റ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പറെ മികടക്കാനായില്ല. ഡീഗോ കോസ്റ്റ മികച്ച സേവുമായി പോര്‍ച്ചുഗലിന്റെ രക്ഷകനായി.
90-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി. ഉറുഗ്വായയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പോര്‍ച്ചുഗല്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങിയതോടെ വിജയം പോര്‍ച്ചുഗല്ലിന് ഒപ്പമായി.
ആദ്യ മത്സരത്തില്‍ ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് പട തകര്‍ത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമേതെന്ന് വ്യക്തമാവൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.