ബ്രൂണോയുടെ ഇരട്ടഗോള്‍ മികവില്‍ ഉറുഗ്വേയെ മറികടന്ന് പോർച്ചുഗലിന്‍റെ പ്രീക്വാർട്ടർ പ്രവേശനം

ബ്രൂണോയുടെ ഇരട്ടഗോള്‍ മികവില്‍ ഉറുഗ്വേയെ മറികടന്ന് പോർച്ചുഗലിന്‍റെ പ്രീക്വാർട്ടർ പ്രവേശനം

കഴിഞ്ഞ ലോകകപ്പിന്‍റെ പ്രീക്വാർട്ടറില്‍ തങ്ങളെ പരാജയപ്പെടുത്തിയ ഉറുഗ്വേയെ തോല്‍പിച്ച് പോർച്ചുഗലിന്‍റെ രാജകീയമായ പ്രീക്വാർട്ടർ പ്രവേശനം. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഇരട്ടഗോള്‍ മികവിലാണ് പോർച്ചുഗലിന്‍റെ വിജയം. അദ്ദേഹത്തിന്‍റെ രണ്ട് ഗോളുകളിലും ഒരു റൊണാള്‍ഡോ സ്പർശം കാണാം.
54 ആം മിനിറ്റിലെ ആദ്യഗോള്‍ പിറന്നത് ബ്രൂണോയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി വന്ന ക്രോസിലൂടെയാണ്. ഇത് ഹെഡ് ചെയ്യാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശ്രമം നടത്തി. 

തലയില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് പന്ത് വലയ്ക്കകത്തു കടന്നത്. ഗോളിന്‍റെ അവകാശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന പ്രഖ്യാപനവും വന്നു. പന്ത് തലയില്‍ തട്ടിയിട്ടില്ലെന്ന് ബോധ്യമായതോടെ ഗോളവകാശം ബ്രൂണോയ്ക്ക് തന്നെ ലഭിച്ചു. രണ്ടാമത്തെ ഗോളിന്‍റെ പിന്നിലും പരോക്ഷമായ ഒരു റൊണാള്‍ഡോ സ്പർശം കാണാം. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 93 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് ബ്രൂണോ ഗോള്‍നേട്ടം രണ്ടാക്കി ഉയർത്തിയത്. 82 ആം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ പെനാല്‍റ്റി കിക്ക് എടുക്കാനുളള അവസരം റൊണാള്‍ഡോയ്ക്ക് ലഭിക്കുമായിരുന്നു.

ഉറുഗ്വേയെ സംബന്ധിച്ച് ആദ്യഗോള്‍ വഴങ്ങിയ ശേഷം മികവുറ്റ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അവർക്ക് സാധിച്ചു. ഇതോടെ പോർച്ചുഗല്‍ ഗോള്‍ കീപ്പർ ഡീഗോ കോസ്റ്റയ്ക്ക് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വന്നു. മികച്ച സേവുകള്‍ അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായി. ഫിനിഷിംഗില്‍ തുടർച്ചായി പിഴവുകളുണ്ടായപ്പോള്‍ സൂപ്പർ താരം എഡിസന്‍ കവാനിയെ പിന്‍വലിച്ച് മറ്റൊരു സൂപ്പർ താരം ലൂയി സുവാരസിനെ ഉറുഗ്വായ് പരിശീലകന്‍ ആക്രമണത്തിന് നിയോഗിച്ചു. ഗോള്‍മുഖം ലക്ഷ്യമാക്കി മികച്ച ഷോട്ടുകളുതിർക്കാന്‍ സുവാരസിന് സാധിച്ചുവെങ്കിലും ഗോള്‍ അകന്നുനിന്നു. 

ഇരട്ടഗോള്‍ നേടിയ ബ്രൂണോ ഫെർണാണ്ടസാണ് കളിയിലെ താരം. അർഹതയ്ക്കുളള അംഗീകാരം തന്നെ സംശയമില്ല. എന്നാല്‍ ബെർണാഡോ സില്‍വയുടെ അത്യധ്വാനത്തെ വിസ്മരിച്ചുകൊണ്ട് പോർച്ചുഗീസ് വിജയഗാഥയുടെ വരികള്‍ രചിക്കാനാവില്ല. മത്സരത്തിന്‍റെ ഫലം നിർണയിക്കുന്നതില്‍ സില്‍വയുടെ പങ്ക് വലുതാണ്.

മുന്‍പ് ഈ കോളത്തില്‍ പരാമർശിച്ചതുപോലെ ക്രിസ്റ്റ്യാനോ കേന്ദ്രീകൃത കളിശൈലിയില്‍ നിന്നുളള മാറ്റം പോർച്ചുഗീസ് കളി തന്ത്രങ്ങളില്‍ ഇപ്പോള്‍ പ്രകടമാണ്. റോണാള്‍ഡോയെ പോലെതന്നെ മികവുറ്റ കളി പുറത്തെടുക്കുന്ന ബ്രൂണോ ഫെർണാണ്ടസ്, ജോവോ ഫെലിക്സ്, ബെർണാഡോ സില്‍വ, റൂപന്‍ ഡയസ്, വെറ്ററന്‍ താരം പെപ്പെ തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. പ്രീക്വാർട്ടറില്‍ കടന്ന സാഹചര്യത്തില്‍ പോർച്ചുഗീസ് ക്യാംപിന് ആത്മവിശ്വാസം പകരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. റൊണാള്‍ഡോയ്ക്കും ജോ ഫെലിക്സിനും പകരക്കാരെ കണ്ടെത്താന്‍ അവർക്ക് സാധിച്ചുവെന്നുളളതാണ്. ശക്തരായ പകരക്കാർ ഏത് പരിശീലകന്‍റേയും സ്വപ്നമല്ലേ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.