വിഴിഞ്ഞത്ത് വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും സമരക്കാരും; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം

വിഴിഞ്ഞത്ത് വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും സമരക്കാരും; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും നിലപാടുകളില്‍ നിന്ന് ഒരിഞ്ചും പിന്നോട്ടില്ലെന്ന് സര്‍ക്കാറും സമര സമിതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ അടിയന്തര പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത മങ്ങി.

ഓഖി ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായ ഇന്ന് സര്‍ക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീന്‍ സഭ. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാം സര്‍ക്കാര്‍ തീരജനതയെ പറ്റിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും പൊലീസ് നടപടിയുടെയും കേസിന്റെയും മുന്നില്‍ മുട്ടുമടക്കില്ലെന്ന് സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്തമാക്കി.

2023 സെപ്തംബറില്‍ മലയാളിക്കുള്ള ഓണ സമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അവകാശ വാദം. വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാര്‍ നടത്തുന്നതെന്നാണ് വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ ആരോപണം.

സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തുള്ള ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധിക്കുകയാണന്നും ശിവന്‍കുട്ടി പറയുന്നു.

എന്നാല്‍ ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ അടക്കം നടപ്പിലാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് മത്സ്യത്തൊഴിലാളി സമര സമിതി.

'മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു കുടുംബത്തെപ്പോലും മാറ്റി പാര്‍പ്പിച്ചിട്ടില്ല. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറി താമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകുക' - സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.

അതിനിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രത നിര്‍ദ്ദേശം നല്‍കി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ചു. തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. മുഴുവന്‍ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നും ഐജിമാരും ഡിഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണമെന്നും എഡിജിപി നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.