'കല്ലേറിലൂടെ ആദ്യം പ്രകോപനമുണ്ടാക്കിയത് പൊലീസ്; പിന്നീട് ലത്തിച്ചാര്‍ജ്': ആക്രമണത്തിനിരയായ യുവ വൈദികന്‍ സംസാരിക്കുന്നു

'കല്ലേറിലൂടെ ആദ്യം പ്രകോപനമുണ്ടാക്കിയത് പൊലീസ്; പിന്നീട് ലത്തിച്ചാര്‍ജ്':  ആക്രമണത്തിനിരയായ യുവ വൈദികന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ക്ക് പരിക്കേറ്റപ്പോള്‍ വാര്‍ത്താ ചാനലുകളുടെ ക്യാമറക്കണ്ണുകള്‍ സത്യത്തിന്റെ നേര്‍ക്കാഴ്ചയില്‍ നിന്നും മുഖം തിരിച്ചു.

പത്രങ്ങളും സത്യസന്ധമായ റിപ്പോര്‍ട്ടിങ് മറന്നു. പൊലീസുകാരുടെ പരിക്ക് മാത്രം മുഖ്യ വാര്‍ത്തയായി. സര്‍ക്കാരിന്റെ പിടിപ്പുകേട് ഒന്നു മാത്രമാണ് വിഴിഞ്ഞം സംഭവം ഇത്രയും വഷളാക്കിയത് എന്ന യാഥാര്‍ത്ഥ്യവും ചര്‍ച്ച ചെയ്യപ്പെട്ടില്ല.

നാല്‍പ്പതില്‍ താഴെ പൊലീസുകാര്‍ക്ക് പരിക്കേറ്റപ്പോള്‍ വൈദികര്‍ക്കും ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികള്‍ക്കും പൊലീസിന്റെയും ഭരണാനുകൂല സംഘടനകളില്‍പ്പെട്ടവരുടെയും മര്‍ദ്ദനമേറ്റിരുന്നു എന്ന വസ്തുത വലിയ വാര്‍ത്താ പ്രാധാന്യം നേടിയില്ല.

എന്നാല്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്നത് എന്താണ്?.. പൊലീസിന്റെ ആക്രമണത്തിന് ഇരയായ പാളയം കത്തീഡ്രല്‍ പള്ളിയിലെ സഹ വികാരി ഫാ. കാര്‍വിന്‍ തന്റെ അനുഭവം വിവരിക്കുന്നു:

'ഞായറാഴ്ച രാത്രി 9.15 നാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ വൈദികര്‍ എത്തിച്ചേരുന്നത്. ആ സമയത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന വിഴിഞ്ഞം കൗണ്‍സിലിലുള്ള നാല് വ്യക്തികളെയും ജാമ്യത്തില്‍ എടുക്കാന്‍ വേണ്ടി വിന്‍സെന്റ് എംഎല്‍എ യും മറ്റ് രണ്ട് വ്യക്തികളും സ്റ്റേഷനിലേക്ക് വന്നു. അപ്പോള്‍ അവിടെ കൂടിനിന്ന ആളുകള്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ അവരെ വഴി മാറ്റിവിട്ട് എംഎല്‍എയെയും മറ്റ് രണ്ട് വ്യക്തികളെയും മാത്രം സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.

പൊലീസ് സ്റ്റേഷന്റെ മുറ്റത്തു നില്‍ക്കുന്ന സമയത്താണ് പൊലീസിന്റെ ഭാഗത്തു നിന്നും കല്ലേറുണ്ടായത്. വലിയ കല്ലുകള്‍ ഉപയോഗിച്ച് സ്റ്റേഷനില്‍ നിന്നും അവര്‍ ആക്രമിക്കാന്‍ തുടങ്ങി. പുറത്തിറങ്ങി വന്ന ഒരു പൊലീസുകാരന്‍ മുറ്റത്ത് നിന്നിരുന്ന എന്റെ നെഞ്ചില്‍ പിടിച്ച് തള്ളുകയായിരുന്നു. ആ തള്ളോടു കൂടി ഞാന്‍ പുറകോട്ടു പോയി.

കൂടെയുണ്ടായിരുന്ന അച്ചന്‍ 'നമുക്ക് പുറത്തു പോകാം' എന്നു പറഞ്ഞു. അങ്ങനെ സ്റ്റേഷന്റെ സൈഡ് ഗേറ്റ് വഴി ഞങ്ങള്‍ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ വൈദികരും രണ്ട് അത്മായരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ജോലി കഴിഞ്ഞു വരുന്ന ഒരു അമ്മച്ചിയും. ആ അമ്മച്ചി ഡിസ്‌കിന് പ്രശ്നമുള്ള ഒരാളായിരുന്നു.

പ്രശ്നം വളരെ സങ്കീര്‍ണമായി തീര്‍ന്നിരിക്കുന്നുവെന്ന് പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്. പൊലീസിന്റെ സംസാരത്തില്‍ നിന്നും ആള്‍ക്കാരെ മുന്‍പേ നോട്ടമിട്ട് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് ഞങ്ങളെ അടിച്ചത്. ആ അമ്മച്ചി ഒറ്റയ്ക്കായതുകൊണ്ട് അവരെ രക്ഷപ്പെടുത്താന്‍ പോയപ്പോഴാണ് പോലീസ് എന്നെ അടിച്ചത്.

മോശമായ ചീത്ത വിളികളോടെയായിരുന്നു പൊലീസ് ഞങ്ങളെ ഉപദ്രവിച്ചത്. ആദ്യത്തെ അടിയില്‍ തന്നെ ഞാന്‍ താഴെ വീണു. പിന്നെ കുറെ അടിച്ചു. നല്ല രീതിയില്‍ തന്നെ പോലീസ് എന്നെ ഉപദ്രവിച്ചു. തലയില്‍ ലാത്തി വച്ചടിച്ചു. തല പൊട്ടി. ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു.

താഴെ വീണുകിടക്കുമ്പോഴും പൊലീസ് എന്നെ ഉപദ്രവിക്കുന്ന സമയത്താണ് കൂടെയുള്ള വൈദികന്‍ എന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആ വൈദികനെയും പൊലീസ് ഉപദ്രവിച്ചു. അവിടെ നിന്നും മാറി ഒരു കടയുടെ വരാന്തയില്‍ ഞങ്ങള്‍ വൈദികര്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീണ്ടും ചീത്തവിളിയുണ്ടായി.

പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെയും ഇത്രയും മോശമായ സമീപനവും ചീത്തവിളിയും ഞാന്‍ കണ്ടിട്ടില്ല. അത്രയ്ക്കും ഹീനമായ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ഞങ്ങളുടെ അടുത്ത് വന്നിട്ട് 'ഇന്ന് നിങ്ങളെ തീര്‍ത്തുതരാം' എന്നൊക്കെയുള്ള വളരെ മോശമായിട്ടുള്ള വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്.

ഇടക്കിടക്ക് ഞങ്ങള്‍ ബിജെപിയുടെ ആള്‍ക്കാരാണ് എന്നു പോലും പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടുത്തെ എസ്‌ഐയും സിഐയും ഒക്കെ ചേര്‍ന്ന് ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കി. അല്‍പം കഴിഞ്ഞ് പോലീസ് വാഹനത്തില്‍ തന്നെ ഞങ്ങളെ അവിടെ നിന്നും കോവളം ആനിമേഷന്‍ സെന്ററില്‍ കൊണ്ടു ചെന്നാക്കി.

അവിടെ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ എത്തി. അവിടെ വച്ചാണ് സ്റ്റിച്ചിടുന്നതും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതും. അതിനു ശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ മെഡിക്കല്‍ കോളജില്‍ എത്തി. അവിടെ ബെഡൊന്നും ഇല്ലായിരുന്നു. വളരെയേറെ ബുദ്ധിമുട്ടി. വീല്‍ചെയറിലൊക്കെ ആയിരുന്നു കൂടുതല്‍ സമയവും. രാവിലെ മൂന്നു മണിയായപ്പോഴാണ് ബെഡ് കിട്ടിയത്.

'വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ' എന്ന പേരില്‍ പോലീസും സര്‍ക്കാരും ചേര്‍ന്നു നടത്തിയ അനിഷ്ടസംഭവങ്ങള്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെ നടത്തിയ കടന്നാക്രമണമായിരുന്നു എന്നതിനു സംശയമില്ല. തികച്ചും ആസൂത്രിതമായി നടത്തിയ ഈ 'സംഘര്‍ഷാവസ്ഥ' കടലിന്റെ മക്കളുടെ ന്യായമായ അവകാശങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ടു നടത്തിയ ആസൂത്രിത ഇടപെടലുകളായിരുന്നു'.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.