ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു; വ്യാഴാഴ്ച്ച വിധിയെഴുത്ത്

ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു; വ്യാഴാഴ്ച്ച വിധിയെഴുത്ത്

ഗാന്ധിനഗര്‍: ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണം അവസാനിച്ചതോടെ ഗുജറാത്തിലെ 89 മണ്ഡലങ്ങളില്‍ വ്യാഴാഴ്ച്ച വിധിയെഴുതും. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് വ്യാഴാഴ്ച്ച പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാഥി ഇസുദാന്‍ ഗാഡ്‌വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്.

പട്ടേല്‍ സമരകാലത്ത് കോണ്‍ഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേല്‍ സമര നേതാക്കള്‍ അല്‍പേഷ് കത്തരിയ, ധര്‍മിക് മാല്‍വ്യ എന്നിവരുടെ മണ്ഡലങ്ങള്‍ ദക്ഷിണ ഗുജറാത്തിലാണ്.

കോണ്‍ഗ്രസിനായി മുന്‍ പ്രതിപക്ഷ നേതാക്കളായ അര്‍ജുന്‍ മോദ്‌വാദിയ, പരേഷ് ധാനാനി എന്നിവരും മറ്റന്നാള്‍ ജനവിധി തേടും. തൂക്ക് പാലം ദുരന്തമുണ്ടായ മോര്‍ബിയും പോളിങ് ബൂത്തിലെത്തും. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഗ്വി, ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങീ ബിജെപി സ്ഥാനാര്‍ഥികളും ആദ്യഘട്ടത്തിനായി പ്രചാരണം പൂര്‍ത്തിയാക്കി.

അതേസമയം ഏത് തെരഞ്ഞെടുപ്പ് നടന്നാലും മോദിയെ കാട്ടി വോട്ട് ചോദിക്കുന്നതിനെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശം വിവാദമായി. മോദി 100 തലയുള്ള രാവണന്‍ ആണോ എന്നായിരുന്നു ഖര്‍ഗെയുടെചോദ്യം. ഗുജറാത്തികളെ അപമാനിക്കുകയാണ് ഖര്‍ഗെ ചെയ്തതെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.