ദോഹ: ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് പ്രീ ക്വാര്‍ട്ടറില്‍. കോഡി ഗാക്പോയും ഫ്രെങ്കി ഡിയോങ്ങും സ്‌കോര്‍ ചെയ്ത മത്സരത്തില്‍ എതിരാളിക്ക് കാര്യമായ വെല്ലുവിളി നല്‍കാതെ പ്രതിരോധത്തിലേക്ക് ഖത്തര്‍ ചുരുങ്ങിപ്പോകുന്ന കാഴ്ച്ചയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായാണ് നെതര്‍ലന്‍ഡ്‌സിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
ജയിച്ചാല്‍ നോക്കൗട്ടിലെത്താമെന്നതിനാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഖത്തര്‍ ബോക്സിലേക്ക് ഡച്ച് ടീം ആക്രമണം അഴിച്ചുവിട്ടു. തുടര്‍ച്ചയായ അവസര നഷ്ടങ്ങള്‍ക്കൊടുവില്‍ 26-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ നെതര്‍ലന്‍ഡ്സ് മുന്നിലെത്തി. ഡേവി ക്ലാസന്‍ നല്‍കിയ പാസ് ഖത്തര്‍ പ്രതിരോധ താരങ്ങളുടെ സമ്മര്‍ദം മറികടന്ന് ഗാക്പോ പോസ്റ്റിന്റെ വലതുമൂലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ഗാക്പോയുടെ മൂന്നാം ഗോള്‍.
ആദ്യ പകുതി ലീഡില്‍ അവസാനിപ്പിച്ച നെതര്‍ലന്‍ഡ്‌സ് രണ്ടാം പകുതിയിലും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നെതര്‍ലന്റ്‌സിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഫ്രെങ്കി ഡിയോങ്ങാണ് ഗോള്‍ കണ്ടെത്തിയത്. 49-ാം മിനിറ്റില്‍ ക്ലാസന്‍ നല്‍കിയ ക്രോസാണ് ഗോളിന് വഴിവെച്ചത്.
69-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗ്വിസ് ഡച്ച് ടീമിനായി പന്ത് വലയിലെത്തിച്ചെങ്കിലും പന്ത് ഗാക്പോയുടെ കൈയില്‍ തട്ടിയതിനാല്‍ വാര്‍ പരിശോധിച്ച ശേഷം റഫറി ഗോള്‍ നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.