കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍നല്‍കും

കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍നല്‍കും

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണു തീരുമാനം. നിയമനം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണിത്.

വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിന് കെടിയു വിസിയുടെ താല്‍കാലിക ചുമതല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചില്ലെന്ന് മാത്രമല്ല സര്‍വകലാശാലയില്‍ സ്ഥിരം വിസി നിയമനം ഉടന്‍ നടത്തണമെന്ന് നിര്‍ദേശം കൂടി ഹൈക്കോടതി സിംഗിള്‍ ബഞ്ച് നല്‍കി.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിസിയാകാന്‍ സിസ തോമസിനു യോഗ്യത ഉണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ചെറിയ കാലയളവിലേക്കാണു നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥിരം വിസിയുടെ നിയമനം എത്രയും വേഗം നടത്തണമെന്നും നിര്‍ദേശിച്ച കോടതി, താല്‍ക്കാലിക വിസി നിയമനത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ യോഗ്യതയുള്ളവരില്ലെന്ന ഗവര്‍ണറുടെ വാദം അംഗീകരിച്ചു.

അതേസമയം ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വൈസ്
ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിമാരെ പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം. വിസിമാരെ നിയമിച്ച ചാന്‍സലര്‍ തന്നെ നിയമനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിക്കുന്നുണ്ട്.

ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ
ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസറാകാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യത വീണ്ടും പരിശോധിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വിസി
ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.